ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച മതംമാറ്റ കേസിൽ വൈക്കം സ്വദേശിനി ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പിതാവ് അശോകനോട് സുപ്രീംകോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ചത്. നവംബർ 27 ന് മൂന്ന് മണിക്ക് മുൻപ് ഹാജരാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹാദിയയുടെ വിവാഹം അസാധുവാക്കിയത് ചോദ്യം ചെയ്ത് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ഹാദിയ കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. കേസിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന അശോകന്റെ ആവശ്യം കോടതി തള്ളി.

നിർബന്ധിത വീട്ടുതടങ്കലിൽ ആണോ എന്നറിയുന്നതിന് വേണ്ടിയാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായോ എന്നതും ഹാദിയയിൽ നിന്ന് കോടതി ചോദിച്ചറിയും. ഹാദിയയെ ഹാജരാക്കേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷമേ എൻഐഎയുടേയും പിതാവ് അശോകന്റെയും വാദംകേൾക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. മൂന്ന് പേരുടേയും വാദം കേട്ടശേഷമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ഹാദിയയുടെ വിഷയത്തിൽ സൈക്കോളജിക്കൽ കിഡ്‌നാപ്പിംഗാണ് നടന്നിരിക്കുന്നതെന്ന് എൻഐഎ കോടതിയിൽ അഭിപ്രായപ്പെട്ടു. തീവ്രവാദ നിലപാടുള്ളവരുമായി ഷഫിൻ ജഹാനു ബന്ധമാരോപിച്ചും മറ്റും ഹാദിയയുടെ പിതാവ് ചില രേഖകൾ കോടതിക്കു നൽകിയിട്ടുണ്ട്. രണ്ടു പത്രവാർത്തകളും പോപ്പുലർ ഫ്രണ്ടിന്റെ പണപ്പിരിവിനെക്കുറിച്ചു വെബ്സൈറ്റിലുള്ള വിശദാംശങ്ങളും ഇതിലുൾപ്പെടുന്നു. എൻഐഎ ഇതിനകം മൂന്നു സ്ഥിതി റിപ്പോർട്ടുകൾ രഹസ്യരേഖയായി നൽകിയിട്ടുണ്ടെന്നു കോടതിരേഖകൾ വ്യക്തമാക്കുന്നു.

ഹാദിയ കേസിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടും, ഒപ്പം സമാനമായ സംഭവങ്ങളിലെ അന്വേഷണ വിവരങ്ങളുമാണ് സീൽ വെച്ച കവറിൽ എൻ.ഐ.എ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഹാദിയയുടെ മതപരിവർത്തനം ഉൾപ്പടെയുള്ള വിഷയങ്ങളിലെ തീവ്രവാദ ബന്ധത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ ആവശ്യപ്പെടും. റിട്ട. ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കാൻ നേരത്തെ എൻ.ഐ.എക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് പിന്മാറിയ ജസ്റ്റിസ് രവീന്ദ്രന് പകരം പുതിയ റിട്ട. ജഡ്ജിയെ നിയമിക്കുന്നതിന് മുമ്പുതന്നെ കേസിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചത് തെറ്റാണെന്ന് ഷെഫിൻ ജഹാൻ ചൂണ്ടിക്കാട്ടുന്നു.