കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം നവംബർ 27ാം തീയ്യതി ഹാദിയയെ ഹാജരാക്കണമെന്നാണ് ഇന്നലെ കോടതി നിർദ്ദേശിച്ചത്. ഒരു വശത്ത് സംഘപരിവാറും മറുവശത്ത് എസ്ഡിപിഐയും അണിനിറന്ന ഹാദിയ കേസിൽ കടുത്ത വിഷമ വൃത്തത്തിലാണ് ഹാദിയയുടെ മാതാപിതാക്കൾ. പൊലീസ് സുരക്ഷയിൽ വൈക്കത്തെ വീട്ടിൽ കഴിയുന്ന അവർക്കെതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഇന്നലെ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയതോടെ ഒരു തീവ്രവാദിക്ക് തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറല്ലെന്നാണ് ഹാദിയയുടെ പിതാവ് അശോകൻ ആവർത്തിച്ചു പറഞ്ഞത്. ഇന്നലെ റിപ്പോർട്ടർ ചാനലിൽ നൽകിയ ചർച്ചയിൽ ഹാദിയ മാനസിക രോഗിയാണെന്നും അവൾക്ക് വേണ്ടത് മാനസിക രോഗത്തിന്റെ ചികിത്സയാണെന്നും അശോകൻ മറുപടി നൽകി.

ഹാദിയയെ ഹിപ്നോട്ടൈസ് ചെയ്ത് വശീകരിച്ചതായും അശോകൻ ആരോപിക്കുന്നു. സിറിയയിൽ പോവണമെന്ന് ഹാദിയ പറഞ്ഞിരുന്നു. സിറിയയിൽ ആടുമെയ്‌ക്കാൻ പോവണമെന്നാണ് അവൾ പറഞ്ഞതെന്നും ചർച്ചയിൽ അവതാരകൻ അഭിലാഷ് മോഹന്റെ ചോദ്യത്തിന് മറുപടിയായി അശോകൻ പറഞ്ഞു. അതേസമയം മാനസിക നില തകരാറിലാകും വിധത്തിൽ സ്വാധീനിച്ചതായും അശോകൻ പറഞ്ഞു. ചർച്ചയിൽ അശോകൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്:

അവൾ ചാവേറാകാൻ ഒരുങ്ങിക്കഴിഞ്ഞതായാണ് എനിക്കുന്ന മനസ്സിലായത്. മാനസിക നില തകരാറിലായതിനാൽ തന്നെ അവൾ കോടതിയിൽ താൻ ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞേക്കാം. മകളെ ഒരു തീവ്രവാദിക്ക് വിവാഹം ചെയ്തുകൊടുക്കില്ലെന്നും അശോകൻ ആരോപിക്കുന്നു. തന്നെ പിതാവ് മർദ്ദിക്കാറുണ്ടെന്നും താൻ ഇന്നോ നാളെയോ കൊല്ലപ്പെടുമെന്നും രാഹുൽ ഈശ്വർ പുറത്തുവിട്ട വീഡിയോയിൽ ഹാദിയ വെളിപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ നാലുമാസമായിട്ടും ഹാദിയക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോയെന്നും ഈ വീഡിയോ പുറത്തുവിടുന്നതു സംബന്ധിച്ച് രാഹുൽ ഈശ്വർ വിലപേശിക്കൊണ്ടിരിക്കുകയാണെന്നും അശോകൻ പറയുന്നു.

തന്നോട് അടുത്തു ബന്ധമുള്ളവരെ മാത്രമേ ഹാദിയയെ കാണിക്കാൻ അനുവദിക്കാറുള്ളൂ. വീട്ടിൽ വന്ന് ഇതുവരെ അച്ഛനോടും അമ്മയോടും നല്ലതുപോലെ സംസാരിക്കാൻ പോലും അവൾ തയ്യാറായിട്ടില്ല. അവൾ നിലപാടും മാറ്റിയിട്ടില്ല. ശരിയായ മാനസികാവസ്ഥയിൽ അല്ലാത്തതുകൊണ്ടാണ് അവൾ തന്നോട് സംസാരിക്കാൻ തയ്യാറാവാത്തത്. ഇങ്ങനെ പെരുമാറുന്നതും. നേരത്തേ വളരെ സ്നേഹത്തോടെ ജീവിച്ചിരുന്നവരാണ് തങ്ങൾ. മതംമാറിയതിനെ എതിർത്തിട്ടുമില്ല.

സിറിയയിൽ ആടുമെയ്‌ക്കാൻ പോവുകയാണെന്ന് ഒരിക്കൽ വിളിച്ചപ്പോൾ അവൾ വിശദീകരിച്ചു പറഞ്ഞു. അതിനുശേഷമാണ് തനിക്ക് മനംമാറ്റമുണ്ടായത്. കുട്ടി ചാവേറാവാൻ വരെ തയ്യാറായതായി എനിക്കു തോന്നി. മാനസിക ചികിൽസയ്ക്ക് കോടതി അനുമതി നൽകിയാൽ നന്നായിരിക്കും. നാളെ ഇവൾ ഒരു ചാവേറാക്കപ്പെട്ടാൽ നൂറോ ഇരുന്നൂറോ പേരെ കൊലപ്പെടുത്തി അവൾ മരിക്കുന്നതിലേക്ക് നയിച്ചേക്കാം. അശോകൻ പറയുന്നു.

ഹാദിയയ്ക്ക് എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അശോകൻ പറഞ്ഞിരുന്നു. പക്ഷേ അവൾ പോകാത്തതാണ്. അവൾക്ക് പൊലീസ് സംരക്ഷണയിൽ എവിടെ വേണമെങ്കിലും പോകാവുന്നതാണ്. തനിക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുമെന്നും അശോകൻ വ്യക്തമാക്കിയിരുന്നു. ഹാദിയ കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് മുൻപ് ഷെഫിൻ ജഹാനും പോപ്പുലർ ഫ്രണ്ടിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച് അശോകൻ രംഗത്ത് വന്നിരുന്നു.

ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം ചുമത്തിയ മൻസി ബുറാക്കുമായി ഷെഫിൻ ജഹാന് അടുത്ത ബന്ധമുണ്ടെന്നാണ് അശോകൻ ആരോപിച്ചത്. ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയ വിനിമയം നടത്തിയതിന്റെ തെളിവുകളും രേഖകളും അശോകൻ കോടതിയിൽ സമർപ്പിച്ചു. ഹാദിയ കേസ് നടത്തിപ്പിനായി പോപ്പുലർ ഫ്രണ്ട് പണപ്പിരിവ് നടത്തിയതായും അശോകൻ പറഞ്ഞിരുന്നു.