വാഷിങ്ടൺ: ഹാഫീസ് സെയ്ദിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്ക. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനും ലഷ്‌കറെ തോയിബ മേധാവിയുമായ ഹാഫീസ് സെയ്ദിനെ ഏറ്റവും ശക്തമായ വിധത്തിൽ തന്നെ വിചാരണ ചെയ്യണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

ഹാഫിസ് സെയ്ദിനെ പുകഴ്‌ത്തി ജിയോ ടിവിയിൽ സംസാരിച്ച പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസിക്ക് മറുപടി നൽകുകയായിരുന്നു അമേരിക്ക. പാക്കിസ്ഥാനിൽ സെയ്ദിനെതിരെ ഒരു കേസുപോലുമില്ല. എന്തെങ്കിലും കേസ് ഉണ്ടെങ്കിലല്ലേ നടപടിയെടുക്കാൻ കഴിയൂ. സെയ്ദിനെ 'സാഹിബ്' എന്നു വിശേഷിപ്പിക്കാനും പ്രധാനമന്ത്രി മടിച്ചില്ല.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹീത്തർ നൗരെട്ട് ആണ് പാക്കിസ്ഥാന് മറുപടിയായി എത്തിയത്.സെയ്ദിനെ വിചാരണ ചെയ്യണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതാണെന്ന് അവർ വ്യക്തമാക്കി. സെയ്ദ് ലഷ്‌കറെ തോയിബ ഭീകരനാണെന്നത് യു.എൻ അംഗീകരിച്ച കാര്യമാണ്. നിയമം അനുശാസിക്കുന്ന വിധത്തിൽ ശക്തമായ വിചാരണ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഹീത്തർ പറഞ്ഞൂ.