ലാഹോർ: 1971ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിലെ തോൽവിക്ക് പകരമായി കാശ്മീരിനെ ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണമെന്ന ആഹ്വാനവുമായി മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക് തീവ്രവാദ സംഘടനയായ ജമാത് ഉദ് ദവയുടെ തലവനുമായ ഹാഫിസ് സയീദ് രംഗത്ത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴി തെളിയിച്ച ഇന്ത്യൻ നടപടിക്ക് പ്രതികാരമായി കാശ്മീരിനെ മോചിപ്പിക്കുമെന്ന് സയീദ് പ്രഖ്യാപിച്ചു. ലാഹോറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി ഇന്ത്യയും ബംഗ്ലാദേശും ഡിസംബർ 16ന് വിജയ് ദിവസ് ആഘോഷിക്കുന്ന സമയത്താണ് ഹാഫിസ് സയീദ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. 2008ൽ രാജ്യത്തെ നടുക്കിയ മുംബയ് തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ പിടികൂടാൻ ഇന്ത്യയും യു.എസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുണ്ട്. അതേസമയം 2018ൽ പാക്കിസ്ഥാനിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ഹാഫിസ് സയീദ് പ്രഖ്യാപിച്ചിട്ടുണ്ട്.