മലപ്പുറം: സോഷ്യൽമീഡിയലൂടെയുള്ള പ്രചരണം എത്രത്തോളം അപകടകരമാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞത്. അടുത്തിടെ സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പേരിൽ അതിക്രമങ്ങൾ അരങ്ങേറിയപ്പോഴാണ്. രണ്ട് മൂന്ന് ചെറുപ്പക്കാർ ആസ്എസ്എസിനോട് വെറുത്തു തീർക്കാൻ വേണ്ടി നടത്തിയ ഹർത്താൽ ആഹ്വാനം സൈബർ ലോകത്ത് വ്യാപിച്ചതോടെ എസ്ഡിപിഐ അടക്കം തീവ്രനിലപാടുള്ള സംഘടനകൾ ഏറ്റുപിടിക്കുകയായിരുന്നു. മുസ്ലിം ലീഗിലെ ചെറുപ്പക്കാരാണ് ഈ കെണിയിൽ എളുപ്പത്തിൽ വീണത്.

ഇതോടെ സൈബർ ലോകത്ത് ആവേശപൂർവ്വം ഇടപെടുന്നവർ വൈകാരികമായി പ്രതികരിക്കരുതെന്ന പക്ഷം വിവിധ കോണുകളിൽ നിന്നുമുയർന്നു. ഇപ്പോൾ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇപ്പോൾ ഉപദേശങ്ങളുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ ഇടപെടൽ ഒരിക്കലും വിദ്വേഷം പ്രചരിപ്പിക്കാൻ വേണ്ടിയാകരുത് എന്ന അഭിപ്രായമാണ് തങ്ങൾ പങ്കുവെച്ചത്. നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗിന്റെ ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് തങ്ങളുടെ പ്രതികരണം. മനുഷ്യന്റ സുഹൃദങ്ങൾ പുതുക്കാൻ വേണ്ടിയാണ് സോഷ്യൽ മീഡിയ രൂപം കൊണ്ടത്. എന്നാൽ, ഇപ്പോൾ അത് വിദ്വേഷം പരത്തുന്നതിനായി മാറിയത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതസൗഹാർദം തകർക്കുന്ന കാര്യങ്ങൾ ഷെയർ ചെയ്യരുതെന്നും മറ്റുള്ളവരെ പരിഹസിക്കാൻ നമ്മൾ ചെയ്യുന്ന ഓരോ ഷെയറും നമ്മളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കാലഘട്ടത്തിൽ വിപ്ലവങ്ങളും അതുപോലെ തന്നെ കലാപങ്ങളും സൃഷ്ടിക്കാൻ സമൂഹമാധ്യമങ്ങൾക്ക് കഴിയും. നന്മ പ്രതീക്ഷിച്ചുള്ള ഷെയറുകളും ലൈക്കുകളും സത്കർമ്മമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറേ നാളുകളായി സമൂഹമാധ്യമങ്ങളിൽ കാണുന്ന പല ചർച്ചകളും പോസ്റ്റുകളും ഇവിടെ തീപ്പൊരി ചിതറിയിടാനുള്ള ചിലരുടെ ശ്രമങ്ങൾക്കുള്ള ഉദാഹരണമാണ്. വിദ്വേഷം വളർത്താനും കലാപം നടത്താനും സമൂഹമാധ്യമങ്ങളെ ചട്ടുകമാക്കുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണമെന്നും തങ്ങൾ പറഞ്ഞു.