ഡബ്ലിൻ: രാജ്യത്ത് ഹെൻട്രി കൊടുങ്കാറ്റ് വീശിയടിച്ചതിനു പിന്നാലെ ആലിപ്പഴ വർഷവും മഞ്ഞുമഴയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്ന് മുന്നറിയിപ്പ്. കൊടുംതണുത്ത കാലാവസ്ഥ തുടരുന്നതിനാൽ താപനില ആറു മുതൽ എട്ടു ഡിഗ്രി വരെയായിരിക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ താമസിക്കുന്നവർക്കാണ് തണുത്ത കാലാവസ്ഥ മൂലമുള്ള ദുരിതങ്ങൾ ഏറെയുണ്ടാകുക.

ശക്തമായ മഴയ്‌ക്കൊപ്പം തന്നെ ആലിപ്പഴ വർഷവും ഉണ്ടാകുമെന്നാണ് മെറ്റ് ഐറീൻ അറിയിച്ചിരിക്കുന്നത്. കാറ്റ് ആഞ്ഞുവീശിയടിക്കുന്നതിനാൽ മഞ്ഞു മഴയും ശക്തമാകാൻ ഇടയുണ്ട്. റോഡുകൾ മഞ്ഞുവീണി തെന്നിക്കിടക്കുമെന്നും അതിനാൽ വാഹനവുമായി പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ഡബ്ലിനിൽ ഓറഞ്ച്, യെല്ലോ അടക്കം മൂന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടരും. . മണിക്കൂറിൽ 80 മുതൽ 130 വരെ കിലോമീറ്റർ വേഗതയിലാണ് ഹെൻട്രി വീശുന്നത്. കൂറ്റൻ തിരമാലകൾ അടിച്ചു കയറുന്നതിനാൽ കടൽത്തീരത്ത് പോകരുതെന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രിയോടെ കാറ്റിനു ശക്തി കുറഞ്ഞ് കനത്ത മഴയ്ക്കു സാധ്യതയുണ്ട്. വടക്കൻ മേഖലകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കും.

മരങ്ങളും മറ്റും റോഡിൽ വീണ് ഗതാഗത തടസവും ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എഎ റോഡ് വാച്ച് അറിയിച്ചിട്ടുണ്ട്. വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷ അഥോറിറ്റിയും നിർദേശിക്കുന്നു.