- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5,58,000 അപേക്ഷകരിൽ നിന്നും60,000 പേരെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; 18-65 പ്രായത്തിലുള്ളരണ്ടാം ഡോസ് വാക്സിനും എടുത്തവർക്ക് മാത്രം പ്രവേശനം; സൗദിക്ക് പുറത്തുള്ളവർക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും ഭാഗ്യം ലഭിച്ചവരിൽ മലയാളികളും; മെക്കയിലെ ഭക്തിസാന്ദ്ര കാഴ്ച്ചകൾ ഇങ്ങനെ
മെക്ക: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത് രണ്ടാം തവണയാണ് നിയന്ത്രിതമായ രീതിയിൽ ഹജ്ജ് തീർത്ഥാടനം നടത്തുന്നത്. പ്രവേശനം കേവലം 60,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ അവർ സൗദി നിവാസികൾ ആയിരിക്കണമെന്നും വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരായിരിക്കണമെന്നുമുള്ള നിഷ്കർഷകൾ കൂടി വച്ചിട്ടുണ്ട്. സൗദിക്ക് പുറത്തുള്ളവർക്ക് ഈ വർഷവും ഹജ്ജ് സാധ്യമാകില്ല.
ഇസ്ലാമത വിശ്വാസികളുടെ പുണ്യകേന്ദ്രത്തിൽ മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രദക്ഷിണം വയ്ക്കുന്ന വിശ്വാസികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇത്തവണ ഹജ്ജിന് 5,58,000 പേരാണ് അപേക്ഷിച്ചിരുന്നത്. അവരിൽ നിന്നും 60,000 പേരെ നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുത്തത്. ഇതിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.
വാക്സിൻ രണ്ടു ഡോസുകളും എടുത്തവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയപ്പോൾ ഗുരുതരമായ മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. വർഷങ്ങളായി കാത്തിരുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പക്ഷെ ഇത്തവണയും നിരാശതന്നെയാണ് ഫലം. നിരവധി ബസ്സുകളിലായി മെക്കയിലെ വലിയ പള്ളിയിലെത്തിയ ഭക്തജനങ്ങൾ ആചാരപൂർവ്വം പള്ളിയെ വലംവെച്ചു. കടുത്ത വേനലിലെ ചൂടിൽ നിന്നും രക്ഷനേടാൻ ഇവരിൽ പലരും കുടകൾ ചൂടിയാണ് തീർത്ഥാടനത്തിനെത്തിയത്.
പള്ളിയിൽ തവാഫ് ചെയ്യുവാനായി ഓരോ മൂന്നു മണിക്കൂറിലും 6,000 ഭക്തജനങ്ങൾ വീതമാണ് എത്തുക എന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവുമധികം ആളുകൾ കൂടുന്ന മതപരമായ ചടങ്ങുകളിൽ ഒന്നായ ഹജ്ജിന് കോവിഡിനു മുൻപ് ഏകദേശം 25 ലക്ഷം പേരോളമായിരുന്നു പങ്കെടുത്തത്. എല്ലാ ഇസ്ലാമത വിശ്വാസികളും അവരുടെ ജീവിതത്തിൽ ഒരു തവണയെങ്കിലും ഹജ്ജ് അനുഷ്ഠിക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഞായറാഴ്ച്ച തുടങ്ങിയ ഹജ്ജ് തീർത്ഥാടനം അഞ്ചു ദിവസത്തോളം നീണ്ടുനിൽക്കും.
ഹജിന് തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ദമാം നിവാസി അമീൻ തെരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തോഷമുണ്ടെന്ന് പറഞ്ഞു. 5 കാരനായ അമീനിന്റെ ഭാര്യയേയും പ്രായപൂർത്തിയായ മൂന്നു മക്കളേയും ഹജ്ജിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം തന്റെ പല സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അവസരം നിഷേധിക്കപ്പെട്ടതിൽ ദുഃഖമുണ്ടെന്നും അമീൻ പറഞ്ഞു. ദൈവം നൽകിയ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
വലിയ പള്ളിയിൽ നിന്നും ഞായറാഴ്ച്ച അഞ്ചു കിലോമീറ്റർ ദൂരെയുള്ള മിനയിലേക്ക് ഭക്തർ യാത്രയാകും. അതിനുശേഷമായിരിക്കും മൗണ്ട് അരാഫത്തിലേക്ക് നീങ്ങുക. തീർത്ഥാടകരുടെ ആരോഗ്യകാര്യത്തിൽ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധ ഉണ്ടായാൽ പോലും അത് അധികം പേരിലേക്ക് പടരുന്നത് ഒഴിവാക്കുവാനായി തീർത്ഥാടകരെ 20 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചിട്ടുണ്ട്. രണ്ടു വ്യത്യസ്ത സംഘാംഗങ്ങൾ തമ്മിൽ സമ്പർക്കം ഉണ്ടാകില്ല.
മറുനാടന് ഡെസ്ക്