റിയാദ്: ഉംറ വിസാ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്നു മാസമായി ദീർഘിപ്പിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. ഉംറ വിസകളിൽ രാജ്യത്ത് എത്തുന്നവർക്ക് സൗദിയിലെ മുഴുവൻ ഭാഗങ്ങളിലും സഞ്ചരിക്കാൻ സാധിക്കും. ഓൺലൈനിൽ അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ ഉംറ വിസ ലഭിക്കും.

ജോർദാൻ തലസ്ഥാനമായ അമ്മാനിൽ സൗദി എംബസിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹജ്ജ്, ഉംറ മന്ത്രി. മിനായിലും അറഫയിലും തീർത്ഥാടകരുടെ യാത്ര സുഗമമാക്കാനും വേഗത്തിലാക്കാനുമാണ് സ്മാർട്ട് കാർഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഹജ്ജ് സ്മാർട്ട് കാർഡുകൾ ഈ വർഷം നടപ്പാക്കുമെന്ന് അറിയിച്ചു. ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണ് ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കുന്നത്. ഈ വർഷം പത്തു ലക്ഷം പേർക്കാണ് ഹജ്ജ് അവസരം ലഭിക്കുക.

മാതൃകാ രീതിയിൽ ഹജ്ജ് സംഘാടനത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സഹായിക്കും. ഇപ്പോൾ ഇ-സേവനം വഴി ഉംറ വിസകൾ ഇരുപത്തിനാലു മണിക്കൂറിനകം ഇഷ്യു ചെയ്യുന്നുണ്ട്. പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര എന്നിവ ഇ-സേവനം വഴി മുൻകൂട്ടി തെരഞ്ഞെടുക്കാൻ തീർത്ഥാടകർക്ക് സാധിക്കും. നേരത്തെ ഉംറ സർവീസ് കമ്പനികളും ഏജൻസികളും വഴിയാണ് ഉംറ തീർത്ഥാടകർക്ക് വിസകൾ അനുവദിച്ചിരുന്നത്.

സർവീസ് കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താതെ ഇപ്പോൾ ഇ-സേവനം വഴി ആർക്കും എളുപ്പത്തിൽ ഉംറ വിസ ലഭിക്കും. യാത്രാ, താമസ സൗകര്യങ്ങൾക്ക് ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വിശ്വാസയോഗ്യമായ കമ്പനികളുമായി മുൻകൂട്ടി ധാരണയിലെത്താൻ സാധിക്കും.