മെക്ക: വിശുദ്ധിയുടെ തീവ്രതയിൽ തീർത്ഥാടനവുമായി മെക്കയിൽ എത്തുമ്പോഴും അവിടെയും സ്ത്രീകളെ പീഡനത്തിന് ഇരയാക്കുന്നവർ അനവധി. ഹജ്ജിന് പോയ ഒരു സ്ത്രീ തനിക്ക് ഉണ്ടായ പീഡനാനുഭവം പറഞ്ഞപ്പോൾ തങ്ങൾക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നിരവധി സ്ത്രീകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മുസ്ലിം സ്ത്രീകൾ തങ്ങൾക്ക് മുസ്ലിംകളുടെ പുണ്യസ്ഥലമായ മെക്കയിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു. ഒരു പാക്കിസ്ഥാനി യുവതി തനിക്ക് നേരിടേണ്ടി വന്ന പീഡനാനുഭവം തുറന്ന് പറഞ്ഞതോടെയാണ് ഇതിന്റെ ചുവടു പിടിച്ച നിരവധി സ്ത്രീകൾ രംഗത്ത് എത്തിയത്.

ക്അബ്ബയിൽ തവാഫ് ചെയ്യുമ്പോൾ പുരുഷന്മാർ കയറിപ്പിടിച്ചതായും പീഡിപ്പിച്ചതായുമുള്ള കഥകളാണ് പലരും പങ്കുവെച്ചത്. തവാഫ് ചെയ്യുമ്പോൾ തന്റെ അരക്കെട്ടിൽ ഒരു പുരുഷൻ കടന്നു പിടിച്ചു എന്ന് പാക്കിസ്ഥാനി യുവതിയായ സാബികാ ഖാന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു പിന്നാലെയാണ് നിരവധി സ്ത്രീകൾ രംഗത്ത് എത്തിയത്.

ഒരു പുരുഷൻ തന്റെ പിൻഭാഗത്തു പിടിച്ചെന്നും ഞെട്ടിയെന്നുമടക്കമുള്ള ആരോപണമാണ് സാബിക ഉന്നയിച്ചത്. ഒരു വലിയ ജനക്കൂട്ടം തനിക്ക് ചുറ്റിനുമുണ്ടായിരുന്നതിനാൽ ഓടി രക്ഷപ്പെടാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും സാബിക പറയുന്നു. മൂന്ന് പ്രാവശ്യം തനിക്ക് മെക്കയിൽ വെച്ച് ഇത്തരത്തിലുള്ള ദുരനുഭവം നേരിടേണ്ടി വന്നെന്നും ഇവർ പറഞ്ഞു.

സാബികയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായതോടെ 840 സ്ത്രീകളാണ് തങ്ങൾക്ക് ക്ആഅബ്ബയിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കമന്റായി പോസ്റ്റ് ചെയ്തത്. ഇന്ത്യ, മലേഷ്യ, നൈജീരിയ, ഈജിപ്ത്, സ്വിറ്റ്‌സർലന്റ് തുടങ്ങി നിരവധി രാജ്യങ്ങളിലുള്ള സ്ത്രീകളാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം പങ്കു വെച്ചത്.