നി മക്കയിലേക്ക് പോകണമെങ്കിൽ ഹജ്ജ് പെർമിറ്റ് കൈവശം ഉണ്ടായിരിക്കണം. മക്കയിലേക്ക് പ്രവേശനം ഹജ്ജ് പെർമിറ്റുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയ നിയമം പ്രാബല്യത്തിൽ വന്നതോടെ നഗരകവാടങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.

ഹജ്ജ് ആരംഭിക്കാൻ ഒരു മാസത്തോളം ബാക്കി നിൽക്കെ മക്കയിലേക്കുള്ള പ്രവേശ കവാടങ്ങളിൽ പരിശോധന ആരംഭിച്ചു. ഹജ്ജ് സേവനത്തിലോ മക്ക നഗരത്തിലെ പദ്ധതികളിലോ ജോലിയുള്ളവർ അതിനുള്ള പ്രത്യേക പാസ് കരസ്ഥമാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹജ്ജ് അനുമതി പത്രം ഉള്ളവർ, മക്ക ഇഖാമ ഉള്ളവർ, മക്കയിൽ ജോലി ചെയ്യാൻ പ്രത്യേക അനുമതി നേടിയവർ എന്നിവർക്ക് മാത്രമേ ഹജ്ജ് അവസാനിക്കുന്നത് വരെ ഇനി മക്കയിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് നിയമലംഘനമായി പരിഗണിക്കും. പിടിക്കപ്പെടുന്നവർക്ക് നിയമാനുസൃതമുള്ള തടവും പിഴയും നാടുകടത്തലും അടക്കമുള്ള ശക്ഷി ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഉംറ മാത്രം ഉദ്ദേശിച്ച് വരുന്നവർക്കും സന്ദർശനത്തിനോ തീർത്ഥാടകരെ സന്ദർശിക്കാനോ മക്കയിലേക്ക് പ്രവേശിക്കാൻ ഇതോടെ സാധിക്കാതെ വരും. മക്ക നഗരകവാടങ്ങളിലെ ചെക്ക് പോയന്റുകൾ പൂർണ്ണ സ്വഭാവത്തിൽ പ്രവർത്തിച്ചുതുടങ്ങി. ഇവിടങ്ങളിൽ ആവശ്യത്തിന് പരിശോധകരെ നിയമിച്ചതായും മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

തീർത്ഥാടകരല്ലാത്ത, പെർമിറ്റോ പാസോ ഇല്ലാത്ത യാത്രക്കാരെ വഹിച്ചുകൊണ്ടുവരുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കും നിയമാനുസൃതമായ പിഴ ചുമത്തുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. പുണ്യനഗരത്തിന്റെ പവിത്രതയും സൗകര്യവും കാത്തുസൂക്ഷിക്കുന്നതിനും തീർത്ഥാടകരുടെ ആശ്വാസത്തിനും ഏർപ്പെടുത്തിയ നിയമങ്ങൾ പാലിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.