ജിദ്ദ: ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഹജ്ജ് മന്ത്രാലയം. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്ഥമായി മിനായിലെ തമ്പുകളുടെ വിഭജനം പൂർത്തിയായതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.ഹജ്ജ് സേവന സ്ഥാപനങ്ങൾക്കും മുതവ്വിഫ് സ്ഥാപനങ്ങൾക്കുമുള്ള തമ്പുകളുടെ വിഭജനമാണ് പൂർത്തീകരിച്ചത്. ഇപ്പോൾ തന്നെ തമ്പുകൾ അനുവദിച്ചു കിട്ടുന്നതിനാൽ തമ്പുകളിലാവശ്യമായ സജ്ജീകരണങ്ങൾ നേരത്തെ പൂർത്തിയാക്കാൻ ഹജ്ജ് സർവീസ് സ്ഥാപനങ്ങൾക്ക് സാധിക്കും.

തീർത്ഥാടകരിൽനിന്ന് ഈടാക്കേണ്ട ഫീസ് നേരത്തെ നിശ്ചയിക്കാനും ബുക്കിങ് നേരത്തെ ആരംഭിക്കാനും ഇത് മൂലം സാധിക്കും. തമ്പുകൾ മറ്റു സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ കൈമാറാൻപാടില്ലെന്നും അനുമതിയില്ലാതെ തമ്പുകളിൽ മാറ്റങ്ങൾ വരുത്താൻ പാടില്ലെന്നും മന്ത്രാലയം നിർദേശിച്ചു. നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

അനുവദിക്കപ്പെട്ട സ്ഥലം എങ്ങിനെ ഉപയോഗിക്കുന്നു എന്ന വിവരമടങ്ങിയ പ്ലാൻ മുൻകൂട്ടി ഹജ്ജ് മന്ത്രാലയത്തിന് സമർപ്പിക്കണം. ഇത് പഠിച്ചു സ്വീകാര്യമാണെങ്കിൽ മാത്രമേ തമ്പുകളുടെ കൈമാറ്റം പൂർത്തിയാകുകയുള്ളൂ. ആഭ്യന്തരമന്ത്രിയും ഹജ്ജ് ഉന്നതാധികാര സമിതി അധ്യക്ഷനുമായ അമീർ മുഹമ്മദ് ബിൻ നായിഫിന്റെ നിർദ്ദേശനുസരണമാണ് ഇത്തവണ വിഭജനം നേരത്തെ ആക്കിയിരിക്കുന്നത്. ഹജ്ജിനു മുമ്പ് തമ്പുകളിൽ തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഹജ്ജ് സേവന സ്ഥാപനങ്ങൾക്ക് ഇത് സഹായകമാകും.

വിദേശ ഹജ്ജ് തീർത്ഥാടകർക്ക് താമസിക്കാനായി മക്കയിൽ 3043 കെട്ടിടങ്ങൾക്ക് ഹജ്ജ് പാർപ്പിട കമ്മിറ്റി ലൈസൻസ് അനുവദിച്ചു. പന്ത്രണ്ട് ലക്ഷത്തോളം തീർത്ഥാടകർക്ക് ഈ കെട്ടിടങ്ങളിൽ താമസിക്കാം. ലൈസൻസ് അനുവദിക്കുന്നത് രണ്ടു മാസം കൂടി തുടരും. ലൈസൻസ് ലഭിച്ച കെട്ടിടങ്ങളിൽ 42 ശതമാനവും അസീസിയയിലാണ്. ഉതൈബിയയിലും ഹറം പള്ളിക്ക് സമീപത്തുമാണ് ബാക്കിയുള്ള കെട്ടിടങ്ങൾ.