വർഷത്തെ ആദ്യ ഹജ്ജ് സംഘം ബുധനാഴ്ച സൗദിയിൽ എത്തും. പതിവുപോലെ ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇത്തവണയും ആദ്യംസംഘമെത്തുന്നത്. 200 അംഗ സംഘത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഹജ്ജ് മന്ത്രാലയം, മുത്വവ്വിഫ് എന്നിവക്ക് കീഴിൽ പൂർത്തിയായി.

ആദ്യ സംഘമത്തെുന്നതോടെ ഹജ്ജ് മന്ത്രാലയം, ആരോഗ്യം, ഇരുഹറം കാര്യാലയം, പാസ്‌പോർട്ട്, മുത്വവ്വിഫുകൾ, സംസം യുണൈറ്റഡ് ഓഫിസ്, ഹജ്ജ് ട്രാൻസ്‌പോർട്ടേഷൻ, ബസ് ഗൈഡൻസ് ഓഫിസ്, കിങ് അബ്ദുല്ല സംസം പദ്ധതി, മക്ക മുനിസിപ്പാലിറ്റി, സുരക്ഷ വിഭാഗങ്ങൾ എന്നിവക്ക് കീഴിൽ ഹജ്ജ് പ്രവർത്തനങ്ങൾ ആരംഭിക്കും. മക്ക, മദീന എന്നിവിടങ്ങളിലെ ഹജ്ജ് മന്ത്രാലയ ഓഫിസുകളാണ് വിവിധ ഗവർമെന്റ് സ്വകാര്യ വകുപ്പുകളുടെ ഹജ്ജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം പതിനാറിന് മദീനയിലെത്തും. കൊൽക്കത്തയിൽ നിന്നാണ് ആദ്യ വിമാനം തിരിക്കുക. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്റ്റംബർ രണ്ടിനാണ് പുറപ്പെടുന്നത്.

ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്ക് കീഴിലും പൂർത്തിയായിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.അതിനിടെ, ഹജ്ജിനത്തെുന്നവർ ആരോഗ്യ നിബന്ധനകൾ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവർത്തിച്ചു. തീർത്ഥാടകർക്ക് നിശ്ചയിച്ച ആരോഗ്യ നിബന്ധനകൾ അതതു രാജ്യങ്ങളിലെ സൗദി എംബസികളെയും കോൺസുലേറ്റുകളേയും അറിയിച്ചിട്ടുണ്ട്. വിസ നൽകുന്ന സമയത്ത് ആരോഗ്യനിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. സൗദി ആരോഗ്യ മന്ത്രാലയം പകർച്ച വ്യാധികളോരോന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് ഡോ. ഖാലിദ് മുർഗലാനി പറഞ്ഞു.

ദേശീയ, അന്തർദേശീയതലങ്ങളിൽ മന്ത്രാലത്തിനു കീഴിൽ പകർച്ചവ്യാധി നിരീക്ഷണ സമിതികളുണ്ട്. കഴിഞ്ഞ വർഷം ഗിനിയ, ലൈബീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതു പോലെ ആരോഗ്യ നിബന്ധനകളിൽ വല്ല മാറ്റവുമുണ്ടെങ്കിൽ വിവരം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുമെന്നും ആരോഗ്യ വക്താവ് പറഞ്ഞു. പകർച്ച വ്യാധികളും അവ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളും നിർണയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ അന്താരാഷ്ട്ര ആരോഗ്യസുരക്ഷാചട്ടങ്ങൾ കണക്കിലെടുത്ത് യാത്ര പുറപ്പെടുന്നതിനു പത്ത് ദിവസത്തിനുള്ളിൽ വാക്‌സിനേഷൻ എടുത്തിരിക്കണമെന്നും വിമാനങ്ങളിലും കപ്പലുകളിലും മരുന്നടിച്ചിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്