- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹലാൽ മാനസിക അടിമത്തം; മുത്തലാഖ് പോലൊരു ദുരാചാരം'; ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്ന് ബിജെപി
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാൽ എന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഹലാൽ ഒരു മതപരമായ ആചാരമാണെന്ന് ബിജെപി വിശ്വസിക്കുന്നില്ല. ഇസ്ലാമിക പണ്ഡിതന്മാർ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. ഇതിന് മതത്തിന്റെ മുഖാവരണം നൽകി കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണ്. അതിന് വേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണെന്നും പി. സുധീർ ആരോപിച്ചു.
അത്തരത്തിലുള്ള തീവ്രവാദ സംഘടനകൾക്ക് ഇടതുപക്ഷ സർക്കാർ കൂട്ടുനിൽക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് ആരോഗ്യപരമായ പ്രശ്നവും ഹലാലിൽ വിശ്വസിക്കാത്ത ജനങ്ങളുടെ വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. കേരളത്തിൽ ഹലാൽ ബോർഡുകൾ ഉയർന്നത് പൊടുന്നനെയാണെന്നും സുധീർ ചൂണ്ടിക്കാട്ടി.
ഇത് മതത്തിന്റെ പേരിലാണ് ചെയ്യുന്നതെങ്കിൽ ബന്ധപ്പെട്ട പണ്ഡിതന്മാർ അത് തിരുത്തുവാൻ തയ്യാറാകണം. ഹലാലിനെ കുറിച്ച് പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂ. അത് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. അതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. പാർട്ടിയുടെ ഭാരവാഹികൾ വ്യക്തിപരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ അത് പാർട്ടി നിലപാടുമായി ചേർന്ന് പോകുന്നതാവണം. അല്ലാത്ത പക്ഷം അത് പാർട്ടി പരിശോധിക്കുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം അട്ടിമറിക്കുകയാണ്. പോപ്പുലർഫ്രണ്ട് ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. എസ്ഡിപിഐയുടെ കൊലപാതകങ്ങൾ സംസ്ഥാന സർക്കാർ എൻഐഎക്ക് കൈമാറണമെന്നും പോപ്പുലർഫ്രണ്ടും ഇടതുപക്ഷ സർക്കാരും തമ്മിലുള്ള അവിശുദ്ധ സഖ്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് 25ന് ബിജെപി ജില്ലാ കളക്റ്റ്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും സുധീർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ