കോഴിക്കോട്: പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ടുണ്ടായ അക്രമത്തിന് എതിരെ വ്യാപക പ്രതിഷേധം. സംഭവത്തിൽ, സൂപ്പർ മാർക്കറ്റ് ജീവനക്കാർക്ക് മർദ്ദനമേറ്റു. പേരാമ്പ്രയിലെ ബാദുഷാ സൂപ്പർ മാർക്കറ്റിൽ വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. സൂപ്പർ മാർക്കറ്റിൽ ഹലാൽ ബീഫ് ലഭ്യമാണ് എന്ന ബോർഡ് കണ്ടതോടെ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്ന് അക്രമിസംഘം ആവശ്യപ്പെട്ടു. ഇതിനേത്തുടർന്ന് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരുമായി ഉന്തും തള്ളുമുണ്ടായി. പിന്നീട് സൂപ്പർ മാർക്കറ്റിൽ നിന്നും പിരിഞ്ഞു പോയ സംഘം തിരികെയെത്തി ആക്രമിക്കുകയായിരുവെന്ന് സൂപ്പർമാർക്കറ്റ് ജീവനക്കാർ പറയുന്നു.

അക്രമികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രതികരണം. പ്രതിഷേധിച്ചവരുടെ രാഷ്ട്രീയബന്ധം അറിയില്ലെന്നും പൊലീസ് പറഞ്ഞു. സംഘപരിവാറാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേരാമ്പ്ര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാരിസംഘടനകളും സംഭവത്തിൽ പ്രതിഷേധിച്ചു. മർദ്ദനമേറ്റ നാല് സൂപ്പർമാർക്കറ്റ് ജീവനക്കാർ ചികിത്സയിലാണ്.

ഉത്തരേന്ത്യൻ മോഡൽ വർഗീയ കലാപത്തിനുള്ള ശ്രമമെന്ന് പോപ്പുലർ ഫ്രണ്ട്

പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റിൽ ആക്രമണം നടത്തിയത് ഉത്തരേന്ത്യൻ മോഡൽ വർഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് ആവശ്യപ്പെട്ടു.

ഹലാലിന്റെ പേരിൽ നാട്ടിൽ കലാപം സൃഷ്ടിക്കാൻ സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇതിന് മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. ഹലാൽ ഭക്ഷണങ്ങൾക്ക് നേരെ വെറുപ്പും വിദ്വേഷവും സംഘപരിവാറിന്റെ നേതൃത്വത്തിൽ ആസൂത്രിതമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഹലാൽ വിരുദ്ധ കാംപയിന്റെ പേരിൽ കേരളത്തിലെ സ്ഥാപനങ്ങളുടെ മതംതിരിച്ച ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഹിന്ദുത്വ ഭീകരവാദികൾ വർഗീയ ചേരിതിരിവ് സൃഷ്ടിച്ചിരുന്നു. ഈ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം കൊടുത്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്നും അദ്ദേഹം വ്യക്തമാക്കി.

പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിൽ ആക്രമണം നടത്തിയത് വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായിട്ടാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ഹലാലിന്റെ പേരിൽ കലാപത്തിന് ആക്രമകാരികൾ സജ്ജരായിട്ടുണ്ട് എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ആർഎസ്എസ്, ബിജെപി നേതൃത്വത്തിന്റെ ഉന്നതതല ആസൂത്രണത്തിന്റെ ഭാഗമാണ് കേരളത്തിൽ നടക്കുന്ന ഹലാൽ വിരുദ്ധ ആക്രമണങ്ങൾ. സംസ്ഥാനത്ത് കലാപം നടത്താൻ ആസൂത്രണം ചെയ്തതിന് ശേഷമാണ് കെ സുരേന്ദ്രൻ ഹലാലുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയിട്ടുള്ളത് എന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

കെ സുരേന്ദ്രന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊലീസിൽ പരാതി നൽകിയിട്ട് കാര്യക്ഷമമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വർഗീയ വാദികളെ യഥേഷ്ടം വിദ്വേഷം പ്രചരിപ്പിക്കാൻ കയറൂരി വിട്ടതിന്റെ അനന്തരഫലമാണ് പേരാമ്പ്രയിൽ കണ്ടത്. വിദ്വേഷ പ്രചാരകർക്ക് സ്വൈര്യവിഹാരം നടത്തുന്നതിനും ജനങ്ങളെ ആയുധവുമായി ആക്രമിക്കുന്നതിനും സിപിഎമ്മിന്റെ ഭരണത്തിന്റെ കീഴിൽ സംഘപരിവാറിന് എല്ലാ സൗകര്യവും ചെയ്തുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇത് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുക.

ഏകപക്ഷീയമായി മുസ്ലിം സ്ഥാപനങ്ങൾ വിവിധ കാരണങ്ങൾ പറഞ്ഞ് ആക്രമിക്കുന്നത് നോക്കിനിൽക്കാൻ സാധിക്കുകയില്ല. ഇതിനെതിരെ ജനകീയമായ ചെറുത്ത് നിൽപ്പ് ഉയർന്ന് വരേണ്ടതുണ്ട്. രാജ്യത്തിന്റെ നീതി നിർവഹണ സംവിധാനങ്ങൾ പൗരന്മാർക്ക് സുരക്ഷയും നീതിയും ഉറപ്പ് വരുത്തുന്നതിൽ നോക്കുകുത്തിയാകുമ്പോൾ സ്വയരക്ഷക്ക് വേണ്ടി തെരുവിലിറങ്ങേണ്ട സാഹചര്യമാണ് നാട്ടിലെ സാധാരണ ജനങ്ങൾക്കുള്ളത്.

ഭരണഘടന നൽകുന്ന ഈ അവകാശം വിനിയോഗിക്കാൻ വ്യാപാരികൾ ഉൾപ്പടെയുള്ളവർ സജ്ജരാകേണ്ടതുണ്ട്. ആക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആക്രമത്തിന് പ്രേരണ നൽകുകയും ഗൂഢാലോചന നടത്തുകയും ചെയ്ത എല്ലാ ആർഎസ്എസ്, ബിജെപി നേതാക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും സി എ റഊഫ് ആവശ്യപ്പെട്ടു.