സ്വീഡനിൽ ജനസംഖ്യയുടെ പകുതിയോളം പേർ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് നാഷണൽ സർവേ ചൂണ്ടിക്കാട്ടുന്നു. പത്തു വർഷം മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ 47 ശതമാനമാണ് ഇപ്പോൾ അമിതവണ്ണം ഉള്ളവരുടെ എണ്ണമെന്നാണ്  പബ്ലിക് ഹെൽത്ത് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നാഷണൽ ഹെൽത്ത് സർവേയിലാണ് പൊണ്ണത്തടിയും അമിത ഭാരവുമുള്ളവരെ കുറിച്ച് പ്രത്യേക പരാമർശം ഉണ്ടായിരിക്കുന്നത്. രാജ്യത്ത് 43 ശതമാനം സ്ത്രീകൾക്കും 57 ശതമാനം പുരുഷന്മാർക്കും അവരുടെ ബോഡി മാസ് ഇൻഡെക്‌സ് 25നു മുകളിലെന്നാണ് റിപ്പോർട്ട്. എന്നാൽ 14 ശതമാനത്തോളം പേർക്ക് അവരുടെ ബിഎംഐ 30നു മുകളിലാണ്. 2004 നെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണിത്.

ആരോഗ്യകരമായ ഒരു ജീവിത ശൈലി പ്രചരിപ്പിക്കുന്നതിൽ മുമ്പന്തിയിൽ നിൽക്കുന്ന സ്വീഡനിൽ സ്ഥിതി ഇങ്ങനെയാണെങ്കിൽ അടുത്ത പതിനഞ്ചു വർഷത്തിൽ നാലിൽ ഒരാൾ എന്ന കണക്കിന് അമിതവണ്ണമുള്ളവരായി തീരുമെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ നിലവിലുള്ളതിനെക്കാൾ ഇരട്ടിയായിരിക്കും അടുത്ത പതിനഞ്ചു വർഷം കൊണ്ട് ഉണ്ടാകുക എന്നാണ് വ്യക്തമാകുന്നത്.

പൊതുജനങ്ങളുടെ ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് അമിത ഭാരത്തിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കുന്നതെന്നാണ് ഉപ്‌സാല യൂണിവേഴ്‌സിറ്റിയിലെ സെല്ലുലാർ ബയോളജി പ്രഫസർ പീറ്റർ ബെർഗ്സ്റ്റൺ പറയുന്നത്. അതേസമയം പുകവലിക്കാരുടേയും മദ്യപിക്കുന്നവരുടേയും എണ്ണം പത്തുവർഷം മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ കുറവാണെന്നും സർവേയിൽ വ്യക്തമായിട്ടുണ്ട്.