ഡബ്ലിൻ: നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസിലുള്ള അനിശ്ചിതത്വം തുടരുന്നതായി റിപ്പോർട്ട്. പഴയ നിരക്കായ 100 യൂറോ ഫീസ് അടച്ചാൽ മതിയെന്നാണ് മൂന്ന് നഴ്‌സസ് യൂണിയനുകളും അംഗങ്ങളോട് ആഹ്വാനം ചെയ്യുന്നത്. അതേസമയം രാജ്യത്തെ പകുതിയോളം നഴ്‌സുമാർ വർധിപ്പിച്ച നിരക്കായ 150 യൂറോ അടച്ചെന്നാണ് റിപ്പോർട്ട്.

അതേസമയം ഐഎൻഎംഒ, ദ സൈക്കാട്രിക് നഴ്‌സസ് അസോസിയേഷൻ, എസ്‌ഐപിടിയു എന്നീ നഴ്‌സസ് യൂണിയനുകൾ 100 യൂറോ നിരക്ക് രജിസ്‌ട്രേഷൻ ഫീസ് അടച്ചാൽ മതിയെന്നാണ് അംഗങ്ങളോട് നിർദേശിച്ചിരിക്കുന്നത്. എന്നാൽ 2015-ലേക്ക് 150 യൂറോ നിരക്കിൽ രാജ്യത്തെ 30,0000ത്തോളം നഴ്‌സുമാരും മിഡ് വൈഫുമാരും ഫീസ് അടച്ചുവെന്നാണ് കണക്ക്. ഒമ്പതിനായിരത്തിൽ താഴെയുള്ളവർ മാത്രമാണ് 100 യൂറോ നിരക്കിൽ ഫീസടച്ചിട്ടുള്ളത്.

വർധിപ്പിച്ച ഫീസ് അടയ്ക്കാൻ നഴ്‌സുമാരേയും മിഡ് വൈഫുമാരേയും നഴ്‌സിങ് ബോർഡ് ഭീഷണിപ്പെടുത്തുകയാണെന്നും യൂണിയനുകൾ ആരോപിക്കുന്നു. രജിസ്റ്ററിൽ പേരു പുതുക്കാത്തപക്ഷം അയർലണ്ടിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് നഴ്‌സുമാർക്കും മിഡ് വൈഫുമാർക്കും എൻഎംബിഐ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ടെന്നും ഇത് ഭീഷണിയുടെ മറ്റൊരു വശമാണെന്നും ചൂണ്ടിക്കാട്ടുന്നു. പഴയ നിരക്കായ 100 യൂറോ അടയ്ക്കാൻ യൂണിയനുകൾ അംഗങ്ങളെ ആഹ്വാനം ചെയ്യുന്നതിൽ നിയമസാധുതയില്ലെന്നും ബോർഡ് എടുത്തുപറയുന്നു. രജിസ്‌ട്രേഷനു പകരം യൂണിയനുകൾ അംഗങ്ങൾക്ക് ഓരോ ബാഡ്ജുകൾ നൽകുന്നുണ്ടെങ്കിലും ഇത് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് പകരമാകില്ലെന്ന് എൻഎംബിഐ വ്യക്തമാക്കുന്നുണ്ട്.

യൂണിയനുകളുമായി ചർച്ച ചെയ്യാതെയാണ് രജിസ്‌ട്രേഷൻ ഫീസിൽ അമ്പതു ശതമാനം വർധന ഏർപ്പെടുത്തിയതെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. കഴിഞ്ഞ വർഷം 12 ശതമാനം വർധന ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഈ വർഷം 50 ശതമാനം കൂടി ഫീസ് വർധന നടപ്പാക്കുന്നതെന്നും ഇവർ പറയുന്നു. രജിസ്‌ട്രേഷൻ ഫീസ് വർധനയിൽ നഴ്‌സിങ് ആൻഡ് മിഡ് വൈറി ബോർഡ് ഓഫ് അയർലണ്ട് ഇന്നു ചർച്ച സംഘടിപ്പിക്കുമെന്നാണ് പറയുന്നത്.