ഡബ്ലിൻ: തേർഡ് ലെവലിലുള്ള വിദ്യാർത്ഥികളിൽ പകുതിയോളം പേർ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. കൂടാതെ ഇതിൽ മൂന്നിലൊന്നു ഭാഗം വിദ്യാർത്ഥികളും കഞ്ചാവിന്റെ ലഹരി ആസ്വദിച്ചിട്ടുണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

വിദ്യാർത്ഥികളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം സംബന്ധിച്ചുള്ള ഗവേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായിരിക്കുന്നത്. 30 ഇൻസ്റ്റിറ്റിയൂഷനുകളിൽ നിന്നായി 2700 വിദ്യാർത്ഥികളെയാണ് സർവേയിൽ പങ്കെടുപ്പിച്ചത്. ഇതിൽ മിക്കവരും പറഞ്ഞത് തങ്ങൾ മദ്യപിച്ചിട്ടുണ്ടെന്നാണ്. കൂടാതെ മൂന്നിലൊരു ഭാഗം വിദ്യാർത്ഥികളും എല്ലാ ആഴ്ചയിലും മദ്യപിച്ച് ലഹരിയിൽ ആകാറുണ്ടെന്നുമാണ് വെളിപ്പെടുത്തിയത്.

2014 ഒക്ടോബറിനും ഡിസംബറിനും മധ്യേയാണ് ഗവേഷകനായ ടിം ബിൻഗാമും സൈക്കോളജിസ്റ്റ് കോളിൻ ഒഡ്രിസ്‌കോളും സർവേ സംഘടിപ്പിക്കുന്നത്. അവരെ സഹായിക്കുന്നതിനായി പല കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഏതെങ്കിലുമൊരു ഘട്ടത്തിൽ 98 ശതമാനം വിദ്യാർത്ഥികളും മദ്യപിച്ചിട്ടുണ്ടെന്നും 59 ശതമാനം കുട്ടികൾ സിഗരറ്റ് വലിച്ചിട്ടുണ്ടെന്നും 57 ശതമാനം പേരും ഒരിക്കലെങ്കിലും മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് ഇതിൽ നിന്നു വ്യക്തമായത്. എന്നാൽ സർവേ നടക്കുന്ന സമയത്ത് ഒരു വർഷകാലയളവിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത് 49 ശതമാനം വിദ്യാർത്ഥികളാണ്.

കൂടാതെ 11 ശതമാനം വിദ്യാർത്ഥികൾ എൽഎസ്ഡി (ആസിഡ്)യും മറ്റൊരു 11 ശതമാനം പേർ കീറ്റാമീനും ഉപയോഗിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയത്. വിദ്യാർത്ഥികളിൽ അടുത്ത കാലത്ത് മയക്കു മരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം ക്രമാതീതമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മേയിൽ ഡബ്ലിൻ ക്ലബിനു പുറത്ത് പതിനെട്ടുകാരിയായ അന്ന ഹിക്ക് എന്ന വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. അമിത തോതിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ഫലമാണ് പതിനെട്ടുകാരി മരിക്കാൻ സാഹചര്യമൊരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഇവയുടെ ദുരുപയോഗം സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികളുമായി മുന്നോട്ടു പോകാൻ തയ്യാറെടുക്കുകയാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും.  വിദ്യാർത്ഥികൾക്ക് ഇത്തരം മയക്കു മരുന്നുകൾ ലഭ്യമാകുന്ന സ്രോതസുകൾ അടയ്ക്കാനും ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.