ന്യൂയോർക്ക്: സർഗാത്മകതയും സാമൂഹിക ഇടപെടലുകളുമൊന്നുമില്ലാത്ത ജോലികൾ അടുത്ത ദശകത്തിൽ കമ്പ്യൂട്ടറുകൾ ഏറ്റെടുക്കുമെന്ന് പഠനം. 702 തൊഴിലുകൾ സംബന്ധിച്ച് അമേരിക്കൻ ഗവേഷകർ നടത്തിയ പഠനത്തിൽ 47 ശതമാനം ജോലികളും അടുത്ത ദശകത്തിൽ കമ്പ്യൂട്ടറുകൾ ഏറ്റെടുക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പലരുടേയും ജോലി സംബന്ധിച്ച് സുരക്ഷിതത്വം നിലനിൽക്കുന്നുവെന്നാണ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസർ മൈക്കിൾ ഒസ്‌ബോൺ പറയുന്നത്.

ജോലികളുടെ സ്വഭാവത്തെക്കുറിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. അതിൽ മെഷീനുകൾക്ക് ചെയ്യാവുന്നതും ചെയ്യാൻ പറ്റാത്തതുമായ ജോലികളെന്ന് ഇവയെ തരം തിരിക്കുകയായിരുന്നു. ഇതിൽ സർഗാത്മകതയോ സാമൂഹിക ഇടപെടലുകളോ ഒന്നും ഇല്ലാത്ത ജോലികൾ അടുത്ത ദശകത്തിലോ ഇരുപതുവർഷങ്ങൾക്കുള്ളിലോ പൂർണമായും കമ്പ്യൂട്ടറുകൾക്ക് ചെയ്യാൻ സാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തുകയും ചെയ്തു. വ്യവസായ മേഖലകളിലെ ജോലികൾക്കാണ് നിലവിൽ ഭീഷണി ഉയർന്നിരിക്കുന്നത്. അക്കോമഡേഷൻ, ഫുഡ് വർക്കർ എന്നീ മേഖലകളിലുള്ള 87 ശതമാനം പേരുടെ ജോലിയും ഇത്തരത്തിൽ കമ്പ്യൂട്ടറുകൾക്ക് ചെയ്യാവുന്നവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ഇൻഫർമേഷൻ മേഖലയിലുള്ള പത്തു ശതമാനം ജോലികൾ മാത്രമേ കമ്പ്യൂട്ടറുകളെ ഏൽപ്പിക്കാൻ സാധിക്കുകയുള്ളൂ.
അമേരിക്കയിലെ സ്ഥിതി തന്നെയായിക്കും മിക്ക വികസിത രാജ്യങ്ങളിലും സംഭവിക്കാൻ പോകുന്നതെന്നും പ്രഫ. ഒസ്‌ബോൺ ചൂണ്ടിക്കാട്ടി.