- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിച്ചുയരുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധം ; സംസ്ഥാനത്ത് ചക്രസ്തംഭന സമരത്തിൽ നിരത്തുകൾ സ്തംഭിച്ചു; പ്രതിഷേധത്തിൽ സമിശ്ര പ്രതികരണവുമായി ജനങ്ങൾ; ചില കേന്ദ്രങ്ങളിൽ വാക്കേറ്റം
തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവില വർധനയിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതൽ 11.15 വരെയായിരുന്നു സമരം. പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നൽകിയത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് സമിശ്ര പ്രതികരണമാണ് സമരത്തോട് ഉണ്ടായത്. ഭൂരിഭാഗം പേരും സമരത്തെ അനുകൂലിച്ചപ്പോൾ ചില കേന്ദ്രങ്ങളിൽ സമരക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി.
ഇന്ധന വിലവർധനയ്ക്കെതിരെ സമരം നടത്തണമെന്ന പക്ഷക്കാരാണെങ്കിലും വഴി തടഞ്ഞു ജോലിക്കും മറ്റും പോകുന്നതിനു തടസം സൃഷ്ടിച്ചതിനോട് യോജിക്കാനാവില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. സമരം നടത്തുന്നതിനു തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്നു നിലപാടെടുത്തവരുമുണ്ട്. കലൂരിൽ നടന്ന സമരക്കാർക്കു നേരെ ഏതാനും ആളുകൾ കയർത്തു സംസാരിക്കുന്ന സാഹചര്യവുമുണ്ടായി.
ഇന്ധന വില പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ റോഡു തടഞ്ഞും കല്ലേറു നടത്തിയും വാഹനങ്ങൾ കത്തിച്ചും മാത്രം സമരങ്ങൾ നടത്തുന്നതു കണ്ടു ശീലിച്ചിട്ടുള്ള കേരളത്തിന് അത്ര പരിചയമില്ലാത്ത സമര രീതിയുമായാണ് വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി രംഗത്തെത്തിയത്. യൂറോപ്പിലെയും മറ്റും ചില രാജ്യങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനു സ്വീകരിച്ചു വരുന്ന സമര രീതികളിലൊന്നാണ് ഇത്. സമരങ്ങൾക്കെതിരെ സർക്കാരും കോടതിയും കർശന നിലപാടു സ്വീകരിച്ചു വരുന്ന സാഹചര്യത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാത്ത ചക്രസ്തംഭന സമരം പോലെയുള്ള പ്രതിഷേധ പരിപാടികൾ സ്വീകാര്യമാണെന്നാണ് പൊതുവേയുള്ള നിലപാട്.
ഒരുപക്ഷെ ആദ്യമായതിനാലാവണം സമരത്തോട് യോജിക്കാൻ പലയിടത്തും കഴിയാത്തത്. ആദ്യ മിനിറ്റുകളിൽ സമരക്കാരുടെ വാഹനങ്ങൾ നീക്കാൻ പൊലീസ് ശ്രമിച്ചില്ല. എന്നാൽ യാത്രക്കാർ ഹോൺ മുഴക്കി പ്രതിഷേധിച്ചു തുടങ്ങിയതോടെ പൊലീസെത്തി വാഹനങ്ങൾ നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ 11.12നു തന്നെ പലയിടങ്ങിലും സമരം അവസാനിപ്പിക്കേണ്ടിവുന്നു. ഇതിനിടെ, ചില സ്ഥലങ്ങളിൽ സമരക്കാരും യാത്രക്കാരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു. എറണാകുളം എംജി റോഡ്, ബൈപ്പാസ്, പാലാരിവട്ടം, എംസി റോഡ് എന്നിവിടങ്ങളിലെല്ലാം വാഹനം നിർത്തിയിട്ട് സമരം നടത്തി. എംസി റോഡിലും യാത്രക്കാരും സമരക്കാരും തമ്മിൽ വാക്കുതർക്കവും പൊലീസ് ഇടപെടലുമുണ്ടായി.
കൊച്ചിയിൽ കലൂർ, എംജി റോഡ് തുടങ്ങി 30 കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കലൂരിൽ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങൾ നടന്നു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു സംഘടനകൾ സമരത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ