ദോഹ: സ്മാർട് എയർപോർട്ട്' എന്ന ലക്ഷ്യത്തിലേക്കെത്താനൊരുങ്ങുകയാണ് ഹമദ് വിമാനത്താവളം. യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ ഐടി സേവനദാതാക്കളായ
സിറ്റയുമായി ചേർന്ന് പദ്ധതികൾ രൂപീകരിക്കാനായി പുതിയ ധാരണാപത്രം ഒപ്പുവച്ചതോടെ സ്മാർട്ട് സേവനങ്ങൾ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

യാത്രക്കാർക്കുള്ള സേവനങ്ങൾക്കു റോബട്ടുകളെ പ്രയോജനപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഓഗ്മെന്റഡ്, വിർച്വൽ റിയാലിറ്റിയുടെ ഉപയോഗം, സുരക്ഷിതമായ ഡേറ്റ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലും സഹകരണമുണ്ടാകും. യാത്രക്കാർക്കു സ്വയം പ്രവർത്തിപ്പിക്കാവുന്ന സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കും. ബാഗിലെ ടാഗ് ഉൾപ്പെടെയുള്ളവ പ്രിന്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സെൽഫ് സർവീസ് ചെക് ഇൻ കിയോസ്‌കുകൾ സിറ്റ വിമാനത്താവളത്തിൽ സജ്ജമാക്കും. ഇതു യാത്രക്കാരുടെ സെൽഫ് സർവീസ് ചെക് ഇൻ സൗകര്യം വർധിപ്പിക്കും.

ബോർഡിങ് പാസ് വെരിഫിക്കേഷൻ ഇഗേറ്റുകളും സജ്ജമാക്കും. യാത്രക്കാരെ തിരിച്ചറിയാനായി ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും ഈ കിയോസ്‌കുകളും ഇഗേറ്റുകളും. ചെക് ഇൻ, ബാഗ് ഡ്രോപ്, വിമാനത്തിൽ കയറുന്നത് എന്നിവയെല്ലാം ബയോ മെട്രിക് സെൻസറുകളുടെ അടിസ്ഥാനത്തിലാക്കാനുള്ള ശ്രമമാണ് എച്ച്‌ഐഎ നടത്തുന്നത്. സുരക്ഷാ മുൻകരുതലെന്ന നിലയിലാണിത്.