ദോഹ: ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ യാത്രാനടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സ്മാർട് ട്രാവലർ സിസ്റ്റവുമായ ഹമദ് വിമാനത്താവളം രംഗത്ത്. ബാഗിന്റെ ഭാരം നോക്കുന്നതടക്കമുള്ള യാത്രാ നടപടികൾ സ്വയം പൂർത്തിയാക്കുന്ന സ്മാർട് ട്രാവലർ സിസ്റ്റം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൈകാതെ സജ്ജമാകും.

സ്മാർട് ട്രാവലർ സിസ്റ്റത്തിലൂടെ ബാഗിന്റെ ഭാരം നോക്കുക, ബോർഡിങ് പാസ് പ്രിന്റ് ചെയ്യുക, സുരക്ഷാ ഗേറ്റ് കടക്കുക, ഇഗേറ്റിലൂടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുക തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മറ്റൊരാളുടെ സഹായമില്ലാതെ നിർവഹിക്കാൻ കഴിയുന്ന സംവിധാനമാണിത്.

യാത്രക്കാരുടെ സുഗമയാത്ര തടസ്സപ്പെടുത്താതെയാണ് അവരുടെ ലഗേജ് ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കുക. ക്യാമറയിലൂടെ ഒരോ യാത്രക്കാരനെയും നിരീക്ഷിച്ചു സുരക്ഷിതത്വം ഉറപ്പുവരുത്താനാകും. ഇതിനുള്ള പരിശീലനം ജീവനക്കാർക്കു ലഭിച്ചിട്ടുണ്ട്.

ഓൺലൈൻ ചെക്ക് ഇൻ സംവിധാനത്തിലൂടെ സീറ്റ് തിരഞ്ഞെടുക്കാനും ബാഗ് ടാഗ് പ്രിന്റ് ചെയ്യാനുമടക്കമുള്ള സൗകര്യങ്ങൾ നിലവിലുണ്ട്.