തിരുവനന്തപുരം: അനിയന്ത്രിതമായി പെട്രോൾ, ഡീസൽ നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളെ ആവും വിധം കൊള്ളയടിക്കാൻ മോദി സർക്കാർ കോർപ്പറേറ്റുകളെ കയറഴിച്ച് വിട്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറഞ്ഞ നിരക്കിലായിട്ടും കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം പെട്രോളിന് 4 രൂപയിലധികവും ഡീസലിന് 3 രൂപയിലധിവും വില വർദ്ധിച്ചു. ദിവസവും പെട്രോൾ-ഡീസൽ നിരക്കുകൾ പുനർ നിർണയിക്കാൻ പെട്രോളിയം കമ്പനികൾക്ക് മോദി സർക്കാർ നൽകിയ അനുമതിയുടെ മറവിൽ ദിനേനെ ചാർജ്ജിൽ ചെറിയ വർദ്ധന വരുത്തിയാണ് ജനങ്ങളറിയാതെ കൊടും ചൂഷണം നടക്കുന്നത്.

സർക്കാർ കോർപ്പറേറ്റുകളുടെ കൂട്ടിക്കൊടുപ്പുകാരായി മാറിനിൽക്കുന്നു. ദിവസവും വില പുനർ നിർണ്ണയിക്കുന്ന രീതി അവസാനിപ്പിക്കുകയും പെട്രോൾ-ഡീസൽ വില നിർണ്ണയാവകാശം സർക്കാർ കമ്പനികളിൽ നിന്ന് തിരിച്ചു പിടിക്കുകയും വേണം. പെട്രോൽ വില 40 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്ത മോദി ജനങ്ങളെ പച്ചയായി വഞ്ചിക്കുകയായിരുന്നു. ജനങ്ങളൊന്നാകെ ഈ കൊള്ളക്കെതിരെ രംഗത്ത് വരണം. മോദി സർക്കാറിന്റെയും കോർപ്പറേറ്റുകളുടെയും സംയുക്ത കൊള്ളക്കെതിരെ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എണ്ണകമ്പനികളുടെ ഔട്ട്ലെറ്റുകളുടെ മുന്നിൽ വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.