തിരുവനന്തപുരം: മലബാർ സിമന്റ്‌സിലെ മുൻ മാനേജിങ് ഡയറക്ടർ സുന്ദരമൂർത്തി കോടതിയിൽ നല്കിയ 164 മൊഴിയിൽ വിവാദ വ്യവസായി വി എം. രാധാകൃഷ്ണൻ നല്കിയ പണം അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന് കൈമാറി എന്ന് വ്യക്തമായി പുറത്തുവന്ന സാഹചര്യത്തിൽ മലബാർ സിമന്റ്‌സിലെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണത്തിനാവശ്യമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി  സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനത്തിൽ വൻ അഴിമതിക്ക് ശ്രമിച്ചവരെ എതിർത്തതിന്റെ പേരിലാണ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും മകളും കൊലചെയ്യപ്പെട്ടതെന്ന ആരോപണം ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുള്ള അഴിമതിയുടെ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരുവാൻ അഴിമതിയിൽ മുങ്ങിയ ഉമ്മൻ ചാണ്ടി സർക്കാരിന് കഴിയില്ല. അതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ എളമരം കരീമിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവാത്തത് ഒത്തുതീർപ്പിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.