കാസർഗോഡ്: വിദ്യാഭ്യാസത്തേയും വായനയേയും രാഷ്ട്രീയത്തിനും മീതെ ഉൾക്കൊണ്ട വ്യക്തിയാണ് മുൻ രാജ്യസഭാംഗവും മുസലീം ലീഗ് നേതാവുമായിരുന്ന അന്തരിച്ച ഹമീദലി ഷംനാട്.

സംസ്ഥാനത്തെ ഏറ്റവും പിന്നോക്കാവസ്ഥ നേരിടുന്ന കാസർഗോഡ് വിദ്യാഭ്യാസത്തിലും പിറകിലായിരുന്നു. നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ 1974 ലാണ് കാസർഗോഡ് ഗവൺമെന്റ് സ്‌ക്കൂൾ അനുവദിക്കപ്പെട്ടത്. സ്‌ക്കൂൾ ആരംഭിക്കാനുള്ള സ്ഥലം അന്വേഷിച്ച് നാട്ടുകാർ നെട്ടോട്ടമോടിയെങ്കിലും ഫലമുണ്ടായില്ല. സ്‌ക്കൂളിന് സ്ഥലം ലഭിച്ചില്ല എന്നറിഞ്ഞ ഹമീദലിയിലെ അക്ഷരസ്നേഹി ഉണർന്നു. സ്വന്തം വീട് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സ്‌ക്കൂൾ ഇവിടെ തുടങ്ങാം. കേട്ടു നിന്നവർ വിശ്വസിച്ചില്ല. അത് ഹമീദലിയുടെ ഉറച്ച അഭിപ്രായമാണെന്ന്. കെട്ടിടം പുതിയ സ്ഥലത്ത് പൂർത്തിയാകുന്നതുവരെ ഷംനാടിന്റെ വീട്ടിലായിരുന്നു സർക്കാർ സ്‌ക്കൂൾ പ്രവർത്തിച്ചിരുന്നത്.

ജീവിതത്തോട് പോരാടി ജയിച്ച ചരിത്രമാണ് ഹമീദലിയുടേത്. കർണ്ണാടക- ബള്ളാരിയിലെ തഹസിൽദാർ ആയിരുന്നു പിതാവ് അബ്ദുൾഖാദർ ഷംനാട്. പത്താം വയസ്സിൽ അച്ഛന്റെ മരണം ഹമീദിനെ വല്ലാതെ വേദനിപ്പിച്ചു. ഉപ്പാപ്പ ഖാൻ ബഹാദുർ മുഹമ്മദ് ഷംനാടിന്റെ സംരക്ഷണത്തിലായിരുന്നു പിന്നീട് ജീവിതവും വിദ്യാഭ്യാസവും. തികഞ്ഞ ദേശീയ മുസൽമാനായിരുന്നു ഖാൻ ബഹദൂർ. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന് പ്രാധാന്യവും നൽകിപ്പോന്നു.

മംഗളൂരു സെന്റ് അലോഷ്യസ് സ്‌ക്കൂളിൽ പഠനം പൂർത്തിയാക്കി അതേ കോളേജിൽനിന്നു തന്നെ ബിരുദവും നേടി. തുടർന്ന് മദിരാശി ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ഇതിനിടെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയജീവിതവും ആരംഭിച്ചിരുന്നു. മദിരാശി ഹൈക്കോടതിയിൽ മുസ്‌ലീം ലീഗ് നേതാവായിരുന്ന ബി.പോക്കർ സാഹിബിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാൻ ആരംഭിച്ചു. അതോടെ ലീഗുമായി അടുത്തു. കാസർഗോഡെത്തി മുസിലീം ലീഗിൽ ഔദ്യോഗികമായി അംഗത്വം നേടുകയും ചെയ്തു.

അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുസലീം ലീഗിൽ സജീവ പ്രവർത്തനമാരംഭിച്ചു. എന്നാൽ കേരളത്തിന്റെ അതിർത്തി മേഖലയായ കുമ്പള-പുത്തിഗേ സ്വദേശിയായതിനാൽ മലയാളം കാര്യമായി വശമില്ലായിരുന്നു. പഠനത്തിന്റെ മുക്കാൽ പങ്കും കർണ്ണാടകത്തിലായതും മലയാളം ശുദ്ധമല്ലാതാകാകൻ കാരണമായി. എന്നാൽ കന്നഡയിലും ഇംഗ്ലീഷിലും മികച്ച പ്രാസംഗികനായിരുന്നു ഹമീദലി. 1960 ൽ കമ്യൂണിസ്റ്റ് കോട്ടയായ നാദാപുരത്ത് മുസലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ഭാഷാപ്രശ്നം ഏറെ പ്രതിസന്ധിയിലാക്കി. എതിരാളിയാണെങ്കിൽ കമ്യൂണിസ്റ്റ്കാരിലെ ഉന്നതൻ സി.എച്ച് കണാരൻ. ഹമീദലി മത്സരിക്കും മുമ്പ് തന്നെ എതിർപാർട്ടിക്കാരുടെ പരിഹാസങ്ങൾ ഉയർന്നു. എല്ലാം ഭാഷയുടെ പേരിലായിരുന്നു. എന്നാൽ നാദാപുരത്ത് മത്സരിക്കേണ്ടത് വിദ്യാസമ്പന്നനായ ഒരാളായിരിക്കണമെന്ന് സീതി ഹാജി ഉറപ്പിച്ചു പറഞ്ഞു.

ഭാഷാപ്രശ്നം തനിക്ക് വിനയാകുമെന്ന് ഹമീദലി പറഞ്ഞെങ്കിലും മുസലീം ലീഗ് ഒന്നടങ്കം അദ്ദേഹത്തോട് മത്സരത്തിനിറങ്ങാൻ പറയുകയായിരുന്നു. എതിരാളിയാണെങ്കിൽ സിറ്റിങ് എംഎ‍ൽഎ കൂടിയായ വലിയ നേതാവും. മത്സരത്തിനൊടുവിൽ കമ്യൂണിസ്റ്റ് കോട്ടയിൽ ഹരിതപതാക ഉയർന്നു. പിന്നീട് അധികാരങ്ങൾ ഷംനാടിനെ തേടിയെത്തുകയായിരുന്നു. പരാജയങ്ങളും വിജയങ്ങളും മാറി മാറി അനുഭവിച്ചു. 1970 മുതൽ 79 വരെ രണ്ടു തവണ രാജ്യസഭാംഗമായി. പി.എസ്.സി. അംഗം, കേരളാ ഗ്രാമവികസന ബോർഡ് ചെയർമാൻ എന്നീ നിലകളിലും ഷംനാട് തിളങ്ങി.

വിജ്ഞാനത്തിന്റെ ഭണ്ഡാരമായിരുന്ന ഹമീദലി ഷംനാട് വായിച്ചു തള്ളിയ പുസ്തകങ്ങൾക്ക് കയ്യും കണക്കുമില്ല. കാസർഗോട്ടെ പാതയോരത്ത് കൂടെ നടക്കുമ്പോഴും കയ്യിൽ പുസ്തകമോ പത്രമോ കൂടപ്പിറപ്പെന്ന പോലെ കാണാം. ഹമീദലി എന്ന മനുഷ്യൻ എത്ര ഉയരത്തിലാണെന്ന് അറിയാൻ കാസർഗോട്ടെ സീ വ്യൂ എന്ന അദ്ദേഹത്തിന്റെ വീട്ടു ചുമരിലെ ചിത്രങ്ങൾ ശ്രദ്ധിച്ചാൽ മതി.