ന്യൂഡൽഹി: കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതിയുടെ വിവാദ പ്രസംഗത്തിനെതിരെ രാജ്യസഭാധ്യക്ഷന്റെ പ്രസ്താവന. മന്ത്രിമാരും എംപിമാരും പൊതുപ്രവർത്തനത്തിന്റെ മാന്യത കാത്തുസൂക്ഷിക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും രാജ്യസഭാ ചെയർമാൻ ഹമീദ് അൻസാരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മന്ത്രിയെ അപലപിച്ച് പ്രമേയം പാസാക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടതിനെത്തുടർന്ന് സഭ തടസപ്പെട്ടിരുന്നു. മൂന്നു തവണയാണ് രാജ്യസഭ നിർത്തിവച്ചത്.

സഭയുടെ പൊതു വികാരം ഉൾക്കൊണ്ടാണ് ഹമീദ് അൻസാരി പ്രസ്താവന നടത്തി. മന്ത്രിമാരും എംപിമാരും നേതാക്കളും ജനാധിപത്യത്തിന് കരുത്തേകും വിധം പൊതു പ്രവർത്തനത്തിൽ മാന്യത പുലർത്തണമെന്നായിരുന്നു പ്രസ്താവന. പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച പാർലമെന്റിൽ നടത്തിയ പ്രസ്താനയോട് യോജിക്കുന്നുവെന്നും എല്ലാവരും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും രാജ്യസഭാ ചെയർമാൻ അഭ്യർത്ഥിച്ചു.