സൗദിയിലെ രാജകുടുംബത്തിനെതിരെ കടുത്ത പ്രസ്താവനകളുമായി ഒസാമ ബിൻ ലാദന്റെ പുത്രൻ ഹംസ രംഗത്തെത്തി. ബാലനായിരിക്കവെ അൽഖ്വയ്ദയുടെ പോസ്റ്റർ ബോയ് ആയി മാറിയ മൂസ അടുത്തിടെ അൽ ഖ്വയ്ദ എന്ന ഭീകരസംഘടനയുടെ ചുമതല ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തിന് കടുത്ത ഭീഷണി ഉയർത്തുകയും അമേരിക്കൻ സൈന്യത്തിന്റെ പിടിലിൽ അകപ്പെട്ട് കൊല്ലപ്പെടുകയും ചെയ്ത ഇസ്ലാമിക ഭീകരൻ ബിൻ ലാദന്റെ മകൻ അച്ഛന്റെ പിന്മുറക്കാരനായി ഉയർന്ന് വന്നതിൽ ലോക നേതാക്കൾ കടുത്ത ആശങ്കയിലാണ്.

അച്ഛൻ പാതി വഴിയിൽ നിർത്തിപ്പോയ ദൗത്യങ്ങൾ പൂർത്തീകരിക്കാനാണ് ഈ 28കാരൻ ഇപ്പോൾ അൽഖ്വയ്ദയുടെ ചുക്കാൻ ഏറ്റെുത്തിരിക്കുന്നതെന്നാണ് സൂചന. തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദികളായവരോട് കടുത്ത പ്രതികാരം ചെയ്യുമെന്ന ഭീഷണിയും ഹംസ മുഴക്കുന്നുണ്ട്. ഒരു വർഷം മുമ്പായിരുന്നു മൂസ തന്റെ ആദ്യത്തെ പ്രകോപനപരമായ വീഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നത്. കടുത്ത ഭീകരാക്രമണങ്ങൾ നടത്താനും സൗദി രാജാധികാരത്തെ അട്ടിമറിക്കുന്ന കലാപം നടത്താനുമായിരുന്നു ഇതിലൂടെ ഹംസ ആഹ്വാനം നൽകിയിരുന്നത്.

സൗദിയുടെ സ്ഥാപകനും ആദ്യത്തെ രാജാവുമായ അബ്ദുൾ-അസീസ് ബിൻ റഹ്മാൻ അൽ സൗദിനെ ബ്രിട്ടീഷ് ഏജന്റെന്ന് ആരോപിച്ച് കൊണ്ടുള്ളതായിരുന്നു ഹംസ പുറത്തിറക്കിയ രണ്ടാമത്തെ വീഡിയോ. ഒട്ടോമന് കലിഫറ്റിനെതിരെ കുരിശുയുദ്ധക്കാർക്കൊപ്പം ചേർന്ന് പ്രവർത്തിച്ച സൗദി ഇസ്ലാമിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഹംസ ആരോപിക്കുന്നത്. അൽഖ്വയ്ദയ്ക്ക് വേണ്ടി മുമ്പ് പുറത്തിറക്കിയ നിരവധി പ്രൊപ്പഗാണ്ട വീഡിയോകളിൽ കുട്ടിയായിരിക്കുമ്പോൾ തന്നെ ഹംസ പ്രത്യക്ഷപ്പെട്ടിരുന്നു. ലണ്ടനിലും വാഷിങ്ടണിലും പാരീസിലും തീവ്രവാദ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്നതും 2015ൽ പുറത്തിറങ്ങിയതുമായ ഓഡിയോ മെസേജിൽ ഹംസയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ഹംസ ഇത്തരത്തിലുള്ള നാല് ഓഡിയോ സന്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തിരുന്നു.

ജനുവരിയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ടെറർ ലിസ്റ്റിൽ ' സ്പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ്' എന്ന കാറ്റഗറിയിലായിരുന്നു ഹംസയെ പെടുത്തിയിരുന്നത്. ഇതിന് മുമ്പ് ഒസാമ ബിൻ ലാദനെയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ഹംസ അൽഖ്വയ്ദയുടെ നേതാവായി ഉയർന്ന് വരാനുള്ള സാധ്യതകൾ ശക്തമായിരുന്നു. യുഎസ് നേവി സീൽ ടീം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ 2011 മെയ്‌ രണ്ടിനാണ് ലാദൻ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് കൊല ചെയ്യപ്പെട്ടത്. ലാദൻ തന്റെ കുടുംബത്തിനും അൽഖ്വയ്ദയിലെ മുതിർന്ന അംഗങ്ങൾക്കും എഴുതിയ നിരവധി കത്തുകൾ അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്തിരുന്നു. തന്റെ മകനെ നേതൃസ്ഥാനത്തേക്ക് വളർത്തിക്കൊണ്ടു വരുന്ന വിവരം ലാദൻ ഇവയിലൂടെ വെളിപ്പെടുത്തിയിരുന്നു.