ടിവിയിൽ പഞ്ചഗുസ്തി മത്സരത്തിനിടെ യുവതിയുടെ കൈ വലിച്ചൊടിച്ച ദൃശ്യം കണ്ട് നടുങ്ങി പ്രേക്ഷകർ. അർജന്റീന ടെലിവിഷനിലാണ് കൈയൊടിക്കുന്ന ദൃശ്യം തത്സമയം സംപ്രേഷണം ചെയ്തത്. അയൺ ലേഡി എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന പഞ്ചഗുസ്തിക്കിടെയാണ് സംഭവം. കൈയൊടിഞ്ഞ പമേലയെന്ന യുവതിക്ക് ഇനി കൈ നേരെയാക്കാൻ ശസ്ത്രക്രിയ വേണം.

ശക്തിപരീക്ഷിക്കാൻ ഇരുമത്സരാർഥികളും സമ്മതിച്ചശേഷമാണ് പഞ്ചഗുസ്തിയിലേർപ്പെട്ടത്. പെട്ടെന്നെന്തോ ഒടിയുന്ന ശബ്ദം കേട്ടു. ഉടനെതന്നെ പമേലയുടെ എതിരാളിക്ക് കാര്യം മനസ്സിലാവുകയും അവർ മെഡിക്കൽ സംഘത്തെ വിളിച്ചുവരുത്തുകയുമായിരുന്നു. നടന്നതെന്തെന്ന് അവതാരകൻ വിശദീകരിക്കുമ്പോൾ സംഭ്രമത്തോടെ അതെല്ലാം കേട്ടുകൊണ്ട് ഈ മത്സരാർഥി നിൽക്കുന്നതും തുടർന്ന് കാണാമായിരുന്നു.

എല്ല് കുഴതെറ്റിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, എല്ല് പൊട്ടിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ഇതേത്തുടർന്നാണ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. കൈ വലിച്ചൊടിച്ച എതിരാളി ഷോയിൽനിന്ന് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും, അവതാരകനായ ചിനോ ല്യൂനിസ്, മുഴുവൻ കാര്യങ്ങളും വിശദീകരിക്കുന്നതുവരെ അവരുടെ സാന്നിധ്യം ആവശ്യപ്പെടുകയായിരുന്നു.

നാല് മത്സരാർഥികളാണ് പരിപാടിയിലുണ്ടായിരുന്നത്. ശാരീരികാഭ്യാസത്തിനൊപ്പം ബുദ്ധിപരിശോധിക്കുന്ന പരീക്ഷണങ്ങളുമുണ്ടായിരുന്നു. ലൈവ് ടിവി നടത്തുന്ന റിയാലിറ്റി ഷോയിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡിന് പുറമെ, പുതിയ കാറും ലഭിക്കും. വാട്ട് ഹാൻഡ് ഈസ് ഇറ്റ് ഇൻ എന്ന പരിപാടിക്ക് അർജന്റീനയിൽ വലിയ ജനപ്രീതിയാണുള്ളത്.