ദുബൈ: നിങ്ങളുടെ കൈയിലിരിക്കുന്ന പാസ്‌പോർട്ട് പഴയതാണോ? എങ്കിൽ വേഗം മാറ്റി വാങ്ങാൻ തയ്യാറായിക്കൊള്ളൂ. പേന കൊണ്ട് എഴുതിയതും യന്ത്രസഹായത്തോടെ വായിക്കാൻ കഴിയാത്തതുമായ പാസ്‌പോർട്ടുകൾ കൈവശമുള്ളവർ അവ തിരിച്ചേൽപ്പിച്ച് പുതിയത് കൈപ്പറ്റണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യാന്തര സിവിൽ വ്യോമയാന സംഘടനയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ 24ന് ശേഷം ഇത്തരം പാസ്‌പോർട്ടുകൾക്ക് ആഗോളതലത്തിൽ നിയമസാധുത ഉണ്ടാവില്ല.

ഈ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് വിസ ലഭിക്കുകയോ അന്താരാഷ്ട്ര യാത്ര അനുവദിക്കുകയോ ചെയ്യില്ല.2001 മുതലാണ് യന്ത്രസഹായത്തോടെ വായിക്കാൻകഴിയുന്ന പാസ്‌പോർട്ടുകൾ കേന്ദ്ര സർക്കാർ നൽകിവരുന്നത്. എന്നാൽ അതിന് മുമ്പ് പ്രത്യേകിച്ച് 1990 കളുടെ മധ്യത്തിൽ നൽകിയ 20 വർഷം കാലാവധിയുള്ള പാസ്‌പോർട്ടുകൾ പഴയരീതിയിൽ കൈകൊണ്ട് എഴുതിയതും ഫോട്ടോ ഒട്ടിച്ചതുമാണ്. ഇക്കഴിഞ്ഞ നവംബറിലെ കണക്കനുസരിച്ച് ഇത്തരം 2.86 ലക്ഷം പാസ്‌പോർട്ടുകൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്.

2015 നവംബർ 24നപ്പുറം കാലവധിയുള്ള ഇത്തരം പാസ്‌പോർട്ടുകൾ കൈവശമുള്ള രാജ്യത്തിനകത്തും പുറത്തും വസിക്കുന്ന ഇന്ത്യൻ പൗരന്മാർ പുതുതായി മുൻകൂട്ടി അപേക്ഷിക്കേണ്ടതാണെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വഴി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അതുപോലെ ആറുമാസത്തിൽ കുറവ് കാലാവധിയുള്ള പാസ്‌പോർട്ടുള്ളവർ അവ പുതുക്കണമെന്നും അധികൃതർ അറിയിച്ചു. ആറു മാസമെങ്കിലൂം കാലാവധി ബാക്കിയുണ്ടെങ്കിലേ അന്താരാഷ്ട്ര യാത്ര സാധ്യമാകൂ. അഞ്ചു വർഷത്തെ കാലാവധിയിൽ അനുവദിക്കുന്ന കുട്ടികളുടെ പാസ്‌പോർട്ടിന്റെ കാര്യത്തിലാണ് ജാഗ്രത പാലിക്കേണ്ടത്. ആവശ്യത്തിന് കാലി പേജുകൾ ഇല്ലാത്ത പാസ്‌പോർട്ടുകളുടെ കാര്യത്തിലും പ്രവാസികൾ ശ്രദ്ധിക്കണം. ചില രാജ്യങ്ങൾ രണ്ട് പേജെങ്കിലും ബാക്കിയുണ്ടെങ്കിലേ പാസ്‌പോർട്ട് സ്വീകരിക്കൂ. പാസ്‌പോർട്ട് പുതുക്കിത്തരാൻ അപേക്ഷിക്കുകയാണ് പോംവഴി. നിരന്തരം യാത്ര ചെയ്യുന്നവർക്കായി 64 പേജുള്ള ജംബോ പാസ്‌പോർട്ട് അനുവദിക്കുന്നുണ്ട്.സംശയനിവാരണത്തിന് ടോൾ ഫ്രീ നമ്പറിലും (1800  2581800) ബന്ധപ്പെടാം. പ്രവാസികൾക്ക് ബന്ധപ്പെട്ട ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭിക്കും.