കൊച്ചി: രാത്രിയിൽ ബൈക്കിൽ ഒറ്റയ്ക്ക നാം യാത്ര ചെയ്യുമ്പോൾ ആരെങ്കിലും കൈകാട്ടിയാൽ ലിഫ്റ്റ് കൊടുക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. രാത്രിയല്ലേ പാവം എന്ന് കരുതിയാണ് മിക്കവരും ലിഫ്റ്റ് കൊടുക്കുന്നത്. എന്നാൽ ഇനി രാത്രിയിൽ ലിഫ്റ്റ് കൊടുക്കുന്നവർ സൂക്ഷിക്കുക പ്രത്യേകിച്ച് കൊച്ചിയിലുള്ളവർ. കാരണം കഴിഞ്ഞ ദിവസം രാത്രിയിൽ ഒരാൾക്ക് ലിഫ്റ്റ് കൊടുത്ത യുവാവിന്റെ കഴുത്തറുത്ത് ആക്രമിച്ചു.

കാക്കനാട് വാഴക്കാല വലിയപറമ്പിൽ സനോഷി(30)ന്റെ കഴുത്തറുത്താണ് ലിഫ്റ്റ് ചോദിച്ച് ബൈക്കിന് പിറകിൽ കയറിയ ആൾ ആക്രമിച്ചത്. സംഭവം ഇങ്ങനെ കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ടെയ്നർ റോഡ് വഴി സനോഷ് വരികയായിരുന്നു. വൈപ്പിൻ പുതിയ പാലം എത്തിയപ്പോൾ റോഡിൽ നിന്ന ഒരു വികലാംഗൻ ഇയാളുടെ ബൈക്കിന് കൈ കാണിച്ചു. ബൈക്ക് നിർത്തിയ സനോഷിനോട് എറണാകുളം വരെ കൊണ്ടു വിടാമോ എന്ന് ചോദിച്ചു. കൊണ്ടുവിടാം എന്ന് പറഞ്ഞ് ബൈക്ക് മുന്നോട്ട് എടുത്തു. പകുതി എത്തിയപ്പോഴേക്കും പിറകിൽ ഇരുന്നയാൾ സനോഷിന്റെ പോക്കറ്റിൽ കൈ കൊണ്ട് പരതി.

ഞരമ്പ് രോഗിയാണെന്ന് കരുതി ചേട്ടാ പിന്നോട്ട് നീങ്ങി ഇരിക്ക് എന്ന് പറഞ്ഞു. ഇതോടെ പിന്നിൽ ഇരുന്നയാൾ കൈപ്പത്തി കൊണ്ട് സനോഷിന്റെ കഴുത്തിൽ തലോടി. ചെറിയൊരു വേദന തോന്നിയ സനോഷ് കഴുത്തിൽ കൈ വച്ച് നോക്കിയപ്പോൾ ചോര കണ്ടു. ഇതോടെ വാഹനം നിർത്തിയപ്പോഴേക്കും പിറകിൽ ഇരുന്ന വികലാംഗൻ സനോഷിന്റെ മുതുകിലും കൈയിൽ കരുതിയ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി ഓടി രക്ഷപെട്ടു. ഈ സമയം അത് വഴി കടന്ന് വന്ന രണ്ട് ചെറുപ്പക്കാർ വാഹനം നിർത്തി കാര്യം ചോദിക്കുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 23 തുന്നൽ കഴുത്തിൽ ഇടേണ്ടി വന്നു. മുതുകിലും തുന്നൽ ഉണ്ട്. സംഭവത്തെ പറ്റി മുളവുകാട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് സനോഷ്.

രാത്രി കാലങ്ങളിൽ ഒരുപാട് പേർക്ക് ലിഫ്റ്റ് നൽകിയിട്ടുണ്ടെന്നും ഇതുപോലൊരനുഭവം ആദ്യമായിട്ടാണെന്നും സനോഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇനിയാരും തന്നെ രാത്രികാലങ്ങളിൽ ആർക്കും ലിഫ്റ്റ് കൊടുക്കരുതെന്നും സനോഷ് പറഞ്ഞു. വികലാംഗനാണ് എന്ന പേരിൽ ലിഫ്റ്റ് ചോദിച്ച് യാത്രക്കാരുടെ പണം തട്ടുന്ന ഏതോ മോഷ്ടാവാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായുള്ള അന്വഷണം പുരോഗമിച്ചു വരുന്നതായും മുളവുകാട് പൊലീസ് അറിയിച്ചു.