ദുബൈ: ഫെയ്‌സ് ബുക്ക് വഴി ഉമ്മയെയും സഹോദരിയെയും കണ്ടെത്തിയ സുഡാനിലെ ഹാനി നാദർ മർഗാനി അലിക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നതിന് വേണ്ടി ഇന്ത്യൻ കോൺസുൽ ജനറലിനെ കണ്ടു. ദുബൈയിൽ നിന്ന് ഹാനിക്ക് ഇന്ത്യൻ പൗരത്വ കാർഡിനുള്ള അപേക്ഷ നൽകുമെന്നും സമയബന്ധിതമായി പൗരത്വം ലഭിക്കുന്നതിന് സമ്മർദ്ദം ചെലുത്തുമെന്നും കോൺസുൽ ജനറൽ വിപുൽ ഇവർക്ക് ഉറപ്പ് നൽകി. വിഷയത്തിന്റെ പ്രത്യേകത പരിഗണിച്ച് എല്ലാ വിധ സഹായവും അദ്ദേഹം വാഗ്ദ്വാനം ചെയ്തു.പാസ്‌പോർട്ട് കോൺസുൽ പ്രേം ചന്ദും സന്നിഹിതനായിരുന്നു.

ഹാനിക്കും സഹോദരി സമീറക്കും പുറമെ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അൻവർ നഹ, സാമൂഹ്യ പ്രവർത്തകനും നരിക്കുനി സ്വദേശിയുമായ ഹാരിസ് കുണ്ടുങ്ങര എന്നിവരുമുണ്ടായിരുന്നു. ഉമ്മ കോഴിക്കോട് സ്വദേശിനി നൂർജഹാനിൽ നിന്ന് നാലര വയസ്സുള്ളപ്പോൾ പിതാവ് നാദർ മർഗാനി സുഡാനിലേക്ക് കൊണ്ടുപോയതായിരുന്നു ഹാനിയെ.പിന്നീട് വർഷങ്ങൾ നീണ്ട പ്രാർത്ഥനക്കും അന്വഷണങ്ങൾക്കുമൊടുവിലാണ് സുഡാനിൽ വെച്ച് പരിചയപ്പെട്ട മലയാളിയായ ഫാറൂഖിന്റെ ശ്രമഫലമായി ദുബൈയിലുള്ള സഹോദരി സമീറ വഴി ഫെയ്‌സ് ബുക്കിന്റെ സഹായത്താൽ ഹാനിക്ക് ഉമ്മയെ കണ്ടെത്താൻ കഴിഞ്ഞത്.

യു.എ.ഇയിലുള്ള നരിക്കുനിക്കാരുടെ മറ്റു സാമൂഹിക, മാധ്യമ പ്രവർത്തകരുടെയും പ്രയത്‌നത്തിന്റെ ഫലമായി കഴിഞ്ഞ മാസം ദുബായിൽ വെച്ച് ഉമ്മയും മകനും പരസ്പരം കണ്ടുമുട്ടിയിരുന്നു. കോൺസുൽ ജനറൽ ഉറപ്പ് നൽകിയതോടെ തന്റെ പെറ്റുമ്മയുടെയും കൂടെപ്പിറപ്പുകളുടെയും കൂടെ കഴിയുവാൻ ജന്മനാട്ടിൽ എത്താനുള്ള ദിവസം കാത്ത് കഴിയുകയാണിനി ഹാനി