കരുനാഗപ്പള്ളി : തുളസിക്കതിർ നുള്ളിയെടുത്തു കണ്ണനൊരു മാലയ്ക്കായ്... മനോഹരമായി പാടി ഒമ്പതാം ക്ലാസുകാരി സോഷ്യൽ മീഡിയയിലെ താരമായി. തട്ടമിട്ട തലയിൽ ഇയർഫോൺ വച്ച് റെക്കോഡിങ് സ്റ്റുഡിയോയിലെ കണ്ടെയ്ൻസർ മൈക്കിനു മുമ്പിൽ മറ്റെല്ലാം മറന്ന് പാടുന്ന മിടുക്കി. തൊടിയൂർ മുഴങ്ങോടി മേച്ചിരയ്യത്ത് നൗഷാമുദീന്റെയും ജസീലയുടെയും മകൾ ഹന ഫാത്തിമിന്റെ ആലാപനമാണ് യു ട്യൂബിലും എഫ്ബിയിലുമെല്ലാം ഹിറ്റായത്. അപ്പോഴും ഈ വരികൾക്ക് പിന്നിലെ കവിയെ ഹന്ന ഫാത്തിം മനസ്സിലാക്കിയിരുന്നില്ല.

ആ വരികളുടെ ഉടമയും തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. ആളെ തിരിച്ചറിഞ്ഞതോടെ അക്ഷരങ്ങൾകൊണ്ട് കണ്ണന് മാലതീർത്ത സഹദേവന്റെ അനുഗ്രഹം തേടി ഹന ഫാത്തിം എത്തി. പഴകി ദ്രവിച്ച ഡയറിയുടെ പേജുകളിൽ ആ വരികൾ ഹന്ന കണ്ടു. 'തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായി' എന്ന കൃഷ്ണഭക്തിഗാനത്തിന്റെ രചയിതാവ് തൊടിയൂർ കല്ലേലിഭാഗം പട്ടശ്ശേരിൽ വീട്ടിൽ സഹദേവനാണ്. അങ്ങനെ പാട്ടുകാരിയും കവിയും കരുനാഗപ്പള്ളിക്കാരുടെ ആവേശമാകുന്നു.

ഹന ഫാത്തിം പാടിയ പാട്ടും അടുത്തകാലത്ത് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇതേത്തുടർന്നാണ് സഹദേവൻ തന്റെ പഴയ ഡയറിയുടെ പേജുകൾ വീണ്ടും തുറന്ന് നോക്കിയത്യ സുഹൃത്തായ ഹാരിസിനോടാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. മൂന്നര പതിറ്റാണ്ടുമുൻപാണ് സഹദേവൻ ഈ കവിത എഴുതിയത്. വീടിന് സമീപത്തെ ആശ്രമത്തിലെ വിദ്യാധരൻ സ്വാമിക്ക് ഭജനപാടാൻ വേണ്ടിയായിരുന്നു എഴുതിയതെന്ന് സഹദേവൻ പറയുന്നു.

'പിച്ചിപ്പൂ നുള്ളിയെടുത്തൂ' എന്നായിരുന്നു ആ വരികളിൽ. പിന്നീടാരോ അത് 'തുളസിക്കതിർ നുള്ളിയെടുത്തു' എന്നാക്കി. ബാക്കിയെല്ലാം പഴയ ഡയറിയിലെ വരികൾ. മരംകയറ്റ തൊഴിലാളിയായ സഹദേവൻ ചെറുപ്പത്തിലേ കവിതകൾ എഴുതിയിരുന്നു. അമ്മയുടെ മരണത്തെ തുടർന്ന് എഴുതിയ വിങ്ങിപ്പൊട്ടും കരളുമായി എന്ന കവിതയും ശ്രദ്ധേയം. കൃഷ്ണസ്തുതികളും ദേവീസ്തുതികളും ശിവസ്തുതികളും ഉൾപ്പെടെ നിരവധി കവിതകൾ ഡയറിയുടെ പേജുകളിൽ ഇപ്പോഴുമുണ്ട്.

കല്ലേലിഭാഗത്തെ ജനതാ ഗ്രന്ഥശാലയാണ് തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയതെന്ന് സഹദേവൻ പറയുന്നു. ജീവിത പ്രാരാബ്ദങ്ങളിലേക്ക് കടന്നതോടെ കവിതകളിൽ കൂടുതലായി ശ്രദ്ധിക്കാൻ സഹദേവനായില്ല. അതിനിടെയാണ് ഹന്നയുടെ പാട്ട് വൈറലാകുന്നത്. അപ്പോഴും ഈ എൺപത്തിരണ്ടുകാരൻ ആരോടും പരിഭവമില്ലാതെ കൊച്ചു ഗായികയെ അനുഗ്രഹിക്കുകയാണ്. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ഹന്ന. എഫ്ബിയിൽ പോസ്റ്റ് ചെയ്ത പാട്ട് ഏതാനും മണിക്കൂറുകൾകൊണ്ട് വൈറലായി. അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് വിളിക്കുന്നത്. ആർ രാമചന്ദ്രൻ എംഎൽഎ ഹനയെ വീട്ടിലെത്തി അനുമോദിച്ചു.

കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിനും സംഘഗാനത്തിനും എ ഗ്രേഡ് നേടിയിരുന്നു. നിരവധി മുസ്ലിം ഭക്തിഗാന ആൽബങ്ങളിലും പാടിയിട്ടുണ്ട്. നാലാം ക്ലാസ് മുതൽ ശാസ്ത്രീയസംഗീതം പഠിച്ചുതുടങ്ങി. പണ്ഡിറ്റ് ദത്താത്രേയ വാലങ്കാറിനടുത്തുനിന്ന് ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു. കൊടുങ്ങല്ലൂർ പോയിനിന്നാണ് പ്രശസ്ത ഗായകൻ നൗഷാദിൽനിന്ന് സംഗീത പഠനം നടത്തുന്നത്. ഹനയുടെ വീടിനുസമീപം പ്ലേസ്‌കൂൾ നടത്തുന്ന കുടുംബസുഹൃത്ത് സനജനാണ് ഇപ്പോഴത്തെ വീഡിയോ ആൽബത്തിനായി നിർബന്ധിച്ചത്. ഒറ്റദിവസംകൊണ്ട് പാട്ട് ഹൃദിസ്ഥമാക്കി.

കരുനാഗപ്പള്ളി ശ്രീരാഗ് റെക്കോഡിങ് സെന്ററിലെ റെക്കോഡിസ്റ്റ് റെജിയും സംഗീതാധ്യാപിക കെ എസ് പ്രിയയും പിന്തുണ നൽകി. ഒറ്റ ടേക്കിലാണ് ഗാനം പൂർത്തിയാക്കിയത്. സഹോദരി ഹംദ ഫാത്തിമും സംഗീതരംഗത്ത് സജീവമാണ്.