മലപ്പുറം: സംസ്ഥാനത്ത്ആദ്യമായി ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. പരിശോധനയിൽ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി നാലു പേർ പിടിയിലായി. മലപ്പുറം വേങ്ങര വട്ടപ്പൊന്ത എന്ന സ്ഥലത്താണ് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയാണ് പിടികൂടിയത്.

അന്വേഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ടു പാക്കങ്ങിങ്ങ് യന്ത്രങ്ങളും സാമഗ്രികളും നിരോധിത പുകയിലയടക്കം അരക്കോടിയോളം രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു. രഹസ്യവിവരം കിട്ടിയതനുസരിച്ചു ജില്ലാ ആന്റി നാർക്കോട്ടിക് സെപഷ്യൽ ആക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്ന് മൊത്തമായി കൊണ്ടുവന്ന് യന്ത്രസഹായത്തോടെ ചെറിയ പാക്കറ്റുകളാക്കുന്നതിനിടയിൽ ഇവ പിടിച്ചെടുത്തത്.

സംഭവുമായി ബന്ധപ്പെട്ട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36) വേങ്ങര കച്ചേരിപ്പടി സ്വദേശി കെ കെ അഫ്സൽ 30, എ ആർ നഗർ കൊളപ്പുറം സ്വദേശി കെ ടി മുഹമ്മദ് സുഹൈൽ (25) ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
വട്ട പൊന്ത എം ഇ എസ് സ്‌കൂളിനടുത്ത് ഇരുനില നില വീട് വാടകക്കെടുത്തായിരുന്നു പ്രതികൾ ഹാൻസ് പാക്കിങ്ങ് യൂണിറ്റ് നടത്തിയിരുന്നത്.

പട്ടാമ്പി സ്വദേശി ഹംസയാണ് യൂണിറ്റിന്റെ നടത്തിപ്പുകാരൻ. മറ്റുള്ളവർ ഇവിടെത്തെ ജോലിക്കാരായിരുന്നു. ബാംഗ്ലൂരിൽ നിന്ന് മത്സ്യം, കോഴി എന്നിവ കൊണ്ടുവരുന്ന ലോറികളിൽ നിരോധിത പുകയില മൊത്തമായി കൊണ്ട് വന്ന് പ്രത്യേക രാസവസ്തുക്കൾ കൂട്ടിയോജിപ്പിച്ച് യന്ത്രസഹായത്തോടെ ചെറിയ പാക്കറ്റുകളാക്കി മാറ്റി പെരുമ്പാവൂർ ,ഈരാട്ടു പേട്ട, ചെന്നൈ എന്നിവിടങ്ങളിലേക്ക് വില്പനക്കായി ആഡംബര വാഹനളുപയോഗിച്ച് കയറ്റി അയക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്.

പാക്ക് ചെയ്യാൻ ആവശ്യമായ വിവിധ യന്ത്രങ്ങളും കെട്ടു കണക്കിന് പ്രിന്റഡ് റാപ്പറുകളും കേന്ദ്രത്തിൽ നിന്ന് പൊലിസ് പിടിച്ചെടുത്തു. ബീഡി നിർമ്മാണ യൂണിറ്റെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് നാലു മാസം മുമ്പ് ഇവിടെ ഹാൻസ് പായ്ക്കിങ്ങ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

റെയ്ഡിന് മലപ്പുറം ഡിവൈഎസ്‌പി പി.എം. പ്രതീപ്, വേങ്ങര എസ്എച്ച് ഒ പി കെ മുഹമ്മദ് ഹനീഫ നാർക്കോട്ടിക് സ്‌ക്വാഡ് എസ് ഐമാരായ കുണ്ടറക്കാട് ശശി,സത്യനാഥന്മനാട്ട്, കാരിയോട്ട്അബ്ദുൽ അസീസ്, എ എസ് ഐഉണ്ണിക്കൃഷ്ണൻ മാരാത്ത്, സി വിൽ ഓഫിസർ പി സഞ്ജീവ് വേങ്ങര എസ് ഐ ടി കെ ഉണ്ണിക്കൃഷ്ണൻ, ' എഎസ്ഐമാരായ അശോകൻ, മോഹൻദാസ്, എന്നിവർ നേതൃത്വം നൽകി.