ബെർലിൻ: ജർമ്മൻ ബുണ്ടസ്ലിഗ ക്ലബായ ബയേൺ മ്യൂനിച്ചിനെ ചുരുങ്ങിയ കാലം കൊണ്ട് നേട്ടങ്ങളുടെ നെറുകയിൽ എത്തിച്ച ഹാൻസ് ഡെയ്റ്റർ ഫ്ളിക്ക് ജർമൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു.

കഴിഞ്ഞ 15 വർഷമായി ജർമനിയെ പരിശീലിപ്പിക്കുന്ന ജോക്വിം ലോയുടെ പകരക്കാരനായാണ് ഫ്‌ളിക്ക് വരുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് നിയമനം. ദേശീയ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടെ ബയേണിന്റെ പരിശീലക സ്ഥാനമൊഴിയും.

യൂറോ കപ്പിന് ശേഷമാണ് ഫ്ളിക്ക് സ്ഥാനമേറ്റെടുക്കുക. അതുവരെ പരിശീലകനായി ലോ തന്നെ തുടരും. നേരത്തെ ലോയുടെ സഹ പരിശീകനായി ജർമൻ ടീമിനൊപ്പം പ്രവർത്തിച്ച മുൻ പരിചയവും ഫ്ളിക്കിനുണ്ട്.

2006 മുതൽ 2014 ലോകകപ്പ് നേട്ടം വരെ ലോയുടെ അസിസ്റ്റന്റ് ഫ്ളിക്കായിരുന്നു. 2022ലെ ഖത്തർ ലോകകപ്പ്, 2024ലെ യൂറോ കപ്പ് പോരാട്ടങ്ങളാണ് ഫ്ളിക്കിന് മുന്നിലുള്ള വെല്ലുവിളി.

ഈ സീസണോടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് ഫ്ളിക്ക് ക്ലബ് അധികൃതരെ അറിയിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏഴ് കിരീടങ്ങളാണ് ഫ്ളിക്ക് ബയേണിന്റെ ഷോക്കേസിലെത്തിച്ചത്.

കഴിഞ്ഞ സീസണിലും ഈ സീസണിലുമായി ബുണ്ടസ് ലീഗ, ചാമ്പ്യൻസ് ലീഗ്, ജർമൻ കപ്പ്, ജർമൻ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളാണ് ഫ്ളിക്കിന്റെ തന്ത്രങ്ങളിൽ ബയേൺ സ്വന്തമാക്കിയത്.

കോവാചിന്റെ കീഴിൽ ബയേണിന് മികവ് പുലർത്താൻ സാധിക്കാതെ വന്നതോടെ 2019ൽ അദ്ദേഹത്തെ പുറത്താക്കി ഫ്ളിക്കിന് പരിശീലകന്റെ താത്കാലിക ചുമതല ക്ലബ് നൽകി. പിന്നീട് ഉജ്ജ്വലമായ മാറ്റമാണ് ടീമിന് സംഭവിച്ചത്. ഇതോടെ ക്ലബ് ഫ്ളിക്കിന് സ്ഥിരം കരാർ നൽകി.