മുംബൈ: വിവാദങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ് ഇപ്പോൾ പുതിയ വിവാദമാണ് ബിഗ് ബോസിനെ തേടിയെത്തിയിരിക്കുന്നത്. ഇതിൽ തെന്നിന്ത്യൻ നടിമാരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയതിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ നിന്ന് പൊങ്കാല ഏറ്റുവാങ്ങുകയാണണ് ഹിന്ദി സീരിയൽ താരവും ബിഗ് ബോസ് സീസൺ പതിനൊന്നിലെ മത്സരാർത്ഥിയുമായ ഹീന ഖാൻ.

ആരാധകരെ കയ്യിലെടുക്കാനും സിനിമയിൽ പിടിച്ചു നിൽക്കാനും തെന്നിന്ത്യൻ നായികമാർക്ക് അല്പവസ്ത്രധാരണവും ഗ്ലാമറസും ആയാൽ മാത്രമേ സാധിക്കൂ എന്ന് ബിഗ് ബോസ്സിന്റെ ഒരു എപ്പിസോഡിൽ ഹീന പറഞ്ഞിരുന്നു. ബിഗ് ബോസ്സിന്റെ ഒരു എപ്പിസോഡിൽ സൗഹൃദ സംഭാഷണത്തിനിടയിലാണ് ഹീന കൂടെയുള്ളവരോട് തെന്നിന്ത്യൻ നടിമാരെക്കുറിച്ച് പരാമർശം നടത്തിയത്. തെന്നിന്ത്യൻ പ്രേക്ഷകരും അത്തരത്തിലുള്ള നായികമാരെ കാണാനാണ് ഇഷ്ടപ്പെടുന്നത്. കഴുത്ത് ഇറക്കിവെട്ടിയ വസ്ത്രങ്ങൾ ധരിക്കുന്ന തടിച്ച നായികമാരെ കാണാനാണ് സംവിധായകർക്കും പ്രേക്ഷകർക്ക ഇഷ്ടം തനിക്ക് തെന്നിന്ത്യയിൽ നിന്ന് വലിയ രണ്ട് അവസരങ്ങൾ വന്നതാണ്, എന്നാൽ തടികൂട്ടണമെന്ന് ആവശ്യപ്പെട്ടതിനാൽ താൻ ആ അവസരങ്ങൾ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും ഹീന പറയുന്നുണ്ട്.

എന്നാൽ ഇതിനെതിരെ ശക്തമായി വന്നിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി ഹൻസിക.തെന്നിന്ത്യൻ സിനിമാ മേഖലയെ ഇത്തരത്തിൽ തരംതാഴ്‌ത്താൻ ഹീനയ്ക്ക് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഹൻസിക ചോദിക്കുന്നു. 'പല ബോളിവുഡ് നടിമാരും അഭിനയം തുടങ്ങിയതും ഇപ്പോഴും അഭിനയിക്കുന്നതും സൗത്ത് ഇന്ത്യൻ സിനിമകളിലാണെന്ന് അവർക്കറിയാത്തതാണോ. ഞങ്ങളെ തരം താഴ്‌ത്താൻ ശ്രമിച്ച നിങ്ങളോട് പുച്ഛം മാത്രം.' ഒരു തെന്നിന്ത്യൻ സിനിമാതാരമാണ് താനെന്ന് പറയാൻ തനിക്ക് അഭിമാനം മാത്രമേ ഉള്ളൂവെന്നും ഹീനാ ഖാൻ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഹൻസിക ട്വിറ്ററിൽ കുറിച്ചു. എങ്ങനെ മാന്യത പുലർത്തണമെന്ന കാര്യത്തിൽ തെന്നിന്ത്യയിൽ നിന്നും പാഠം പഠിക്കണമെന്ന് ഹീനയ്ക്കു ഖുശ്‌ബുവും മറുപടി നൽകി.