കിസ് ഓഫ് ലവ് ഇനി കേരളത്തിൽ നടത്താൻ സമ്മതിക്കുകയില്ലെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ ഭക്തവൽസലൻ. കിസ് ഓഫ് ലവിനെ അനുകൂലിച്ച വി ടി ബൽറാമും എം ബി രാജേഷും മാപ്പു പറയണമെന്നും രാഹുലിന്റെയും രശ്മിയുടെയും ലൗ ജിഹാദ് ബന്ധം പൊലീസ് അന്വേഷിക്കണമെന്നും ഹനുമാൻ സേന നേതാവ് മറുനാടൻ മലയാളിയോടു പറഞ്ഞു.

കൊച്ചിയിൽ ചുംബന സമരം നടനത്തിനു ശേഷം കോഴിക്കോട് ചുംബന സമരം നടത്തും എന്ന് അന്ന് ചുംബന സമരനേതാക്കൾ തീരുമാനിച്ചപ്പോൾ തന്നെ രാഹുൽ പശുപാലനെയും രശ്മി ആർ നായരെയും കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. ഇവരുടെ ലൗ ജിഹാദ് ബന്ധങ്ങളെപ്പറ്റിയും ഇവർ സെക്‌സ് റാക്കറ്റ് കണ്ണികൾ ആണെന്നും കോഴിക്കോടുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും ഭക്തവൽസലൻ പറഞ്ഞു.

എന്നാൽ ഡിവൈഫ്‌ഐ പോലുള്ള സംഘടനകൾ ഇവരുടെ പിന്നിൽ പ്രവർത്തിച്ചതുകൊണ്ട് നടപടി എടുത്തില്ല. അന്ന് ഇത് അന്വേഷിച്ചിരുന്നെങ്കിൽ അന്നുതന്നെ രാഹുലിനെയും രശ്മിയെയും അക്‌ബറിനെയും മറ്റും പിടിക്കാമായിരുന്നു. യുവ രാഷ്ട്രീയ പ്രവർത്തകരും മാദ്ധ്യമങ്ങളും ഇവർക്ക് ഓശാന പാടുകയായിരുന്നു.

അന്ന് ഇവരെ സംരക്ഷിക്കുകയും ഇവർക്കുവേണ്ടി അനുകൂല നിലപാടുകൾ എടുക്കുകയും ചെയ്ത വി ടി ബൽറാമും എം ബി രാജേഷും പരസ്യമായി ജനങ്ങളോടു മാപ്പു പറയണം. രാഹുലും രശ്മിയും അറസ്റ്റിലായി എങ്കിലും അവരെ തഴഞ്ഞു കിസ് ഓഫ് ലവ് പ്രവർത്തകർ ചുംബന സമരവുമായി മുന്നോട്ടുപോകുവാൻ നോക്കുന്നുണ്ട്. ഇനി ചുംബന സമര നേതാക്കൾ ചുംബന സമരവുമായി വന്നാൽ ശക്തമായി പ്രതിരോധിക്കാൻ ഹനുമാൻ സേനയുടെ പുതിയൊരു കർമസേന തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒപ്പം ഇതിനെ വെള്ള പൂശനായി ദീദി ദാമോദരൻ സംവിധാനം ചെയ്തു പുറത്തിറക്കുന്ന സിനിമ കേരളത്തിലെ ഒരു തിയേറ്ററിൽ പോലും ഓടിക്കാൻ ഹനുമാൻ സേന സമിതിക്കില്ല.

ഓൺലൈൻ പെൺവാണിഭത്തെ കിസ് ഓഫ് ലവിന്റെ അക്കൗണ്ടിൽ പെടുത്തരുതെന്നും രാഹുൽ പശുപാലനും രശ്മി ആർ നായർക്കുമെതിരെ നടപടികൾ സ്വീകരിക്കണം എന്നും ഇന്നലെ കിസ് ഓഫ് ലവ് പ്രവർത്തകർ എറണാകുളത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

ഓൺലൈൻ പെൺവാണിഭത്തിൽ പിടിക്കപ്പെട്ടവരുടെ തീവ്രവാദ ബന്ധങ്ങൾ അന്വേഷിക്കണം എന്നും കേസിൽ പിടിയിലായ അക്‌ബർ വിദേശത്തു കൊണ്ടുപോയ പെൺകുട്ടികൾ ലൗ ജിഹാദിന്റെ ഇരകൾ ആണെന്നും ഭക്തവൽസലൻ പറഞ്ഞു. കേരളത്തിൽ എല്ലാ ജില്ലകളിലും ചുംബന സമരത്തെ എതിർക്കാൻ ഹനുമാൻ സേനയുടെ കർമസേനക്കു കഴിയും. ചുംബന സമരം മാത്രമല്ല ഹനുമാൻ സേനയുടെ ലക്ഷ്യം. പാട്ടക്കാലാവധി കഴിഞ്ഞതും കയ്യേറിയും നഷ്ടപ്പെട്ട കേരളത്തിലെ ക്ഷേത്രങ്ങളിലെ ലക്ഷകണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിച്ചു പാവപ്പെട്ട ഹിന്ദുക്കൾക്ക് വീടുവയ്ക്കാനുള്ള സ്ഥലമാക്കി മാറ്റാനുള്ള സമരവും ആരംഭിച്ചു കഴിഞ്ഞു എന്നും ഭക്തവത്സലൻ പറഞ്ഞു.