തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഏഴ് പ്രതികളെയും വെറുതെവിട്ടത്. മാധ്യമ പ്രവർത്തകനായ വി.ബി.ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതിയായിരുന്നു ഹാപ്പി രാജേഷ്.

2011 ഏപ്രിൽ 27നാണ് ഹാപ്പി രാജേഷ് കൊല്ലപ്പെട്ടത്. പ്രതികൾ രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ൽ എന്ന തോട്ടത്തിൽവച്ച് മർദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം അയാളുടെതന്നെ ഓട്ടോറിക്ഷയിൽ കിടത്തി വിക്ടോറിയ ആശുപത്രിക്കു മുൻപിൽ ഉപേക്ഷിച്ചതായും സിബിഐ. കുറ്റപത്രത്തിൽ പറയുന്നു.

ഡിവൈ.എസ്‌പി. സന്തോഷ് നായർ, കണ്ടെയ്‌നർ സന്തോഷ്, പ്രകാശ് എന്ന വെട്ടുകുട്ടൻ, പെന്റി എഡ്വിൻ, കൃഷ്ണകുമാർ, സൂര്യദാസ് നിഥിൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. പ്രതികളുടെ ഫോൺരേഖകൾ നിരത്തിയായിരുന്നു സിബിഐ. വാദം. കേസിലെ പ്രതിയായ ഡിവൈ.എസ്‌പി. സന്തോഷ് നായരും കണ്ടെയ്‌നർ സന്തോഷുമാണ് ഹാപ്പി രാജേഷിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതെന്ന് സിബിഐ. കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

മുൻ പൊലീസ് സബ് ഇൻസ്‌പെക്ടർ അലക്‌സാണ്ടർ തങ്കച്ചനെ വളർത്തുകാളയെക്കൊണ്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഒന്നാംപ്രതി പ്രകാശ് എന്ന വെട്ടുകുട്ടൻ. കണ്ടെയ്‌നർ സന്തോഷിന്റെ സുഹൃത്തായ പെന്റിയോട് ഹാപ്പി രാജേഷിനെ കൊലപ്പെടുത്താൻ, സന്തോഷ് നിർദേശിച്ചിരുന്നെന്നും സിബിഐ. കോടതിയിൽ വാദിച്ചു.