- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ കൂരയ്ക്ക് മുന്നിൽ വന്നിറങ്ങിയ ഉദ്യോഗസ്ഥ പടയെ കണ്ടപ്പോൾ രാജൻ ഞെട്ടി; കുടിയൊഴിപ്പിക്കാൻ ആവുമോ ദൈവമേ എന്ന ആധിയോടെ മൈമുനയും; വർഷങ്ങളായി പടന്നക്കാട് പുറമ്പോക്കിൽ കഴിയുന്ന ദമ്പതിമാരുടെ ജീവിതത്തിൽ അദ്ഭുതം; നിങ്ങൾ ഒക്കെയാണ് സാറെ ഞങ്ങടെ ദൈവം എന്ന് ഇരുവരും
കാസർകോട് : ദേശീയപാതയിൽ പുറമ്പോക്കിൽ താമസിക്കുന്ന രാജനും മൈമുനയും തങ്ങളുടെ കൂരയ്ക്ക് മുമ്പിൽ വന്നിറങ്ങിയ ഉദ്യോഗസ്ഥ പടയെ കണ്ട് ഞെട്ടി. കുടിയൊഴിപ്പിക്കാനാണോ? പടന്നക്കാട് നെഹ്രു കോളേജ് കാന്റീന് തൊട്ടടുത്ത് പുറമ്പോക്കിൽ താമസിക്കുന്ന രാജന്റെയും മൈമുനയുടെയും പ്ലാസ്റ്റിക്കും ഓലയും കൊണ്ട് ഉണ്ടാക്കിയ കൂരയ്ക്ക് മുന്നിൽ തഹസിൽദാരും നഗരസഭാ ചെയർപേഴ്സണും വില്ലജ് ഓഫീസർമാരുമാണ് ഒന്നിച്ചു വന്നിറങ്ങിയത്.
എന്നാൽ സ്വന്തമായി ഭൂമി ലഭിച്ചതിന്റെ രേഖ കൈമാറാൻ എത്തിയത് ആണെന്ന് അറിഞ്ഞപ്പോൾ ഇരുവരും പറഞ്ഞു: 'നിങ്ങളൊക്കെയാണ് സാറെ ഞങ്ങടെ ദൈവം'. ഇരുകാൽ പാദങ്ങളും വ്രണം വന്ന് പഴുത്ത് നിലത്തു ചവിട്ടി നിൽക്കാൻ പറ്റാത്ത മൈമുനയും നടുവേദനയും മറ്റാരോഗ്യ പ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്ന രാജന്റെയും ജീവിതം യാതനകൾ നിറഞ്ഞതാണ്.
50 വർഷങ്ങൾക്ക് മുൻപ് ആക്രിസാധനങ്ങൾ പെറുക്കാനായി കാഞ്ഞങ്ങാട്ടെത്തിയ രാജൻ, ഇക്ബാൽ റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസമാക്കി...കൂടെയെപ്പോഴോ മൈമുനയും. പക്ഷെ വാടക കൊടുക്കാൻ പറ്റാതെ വന്നപ്പോൾ കടത്തിണ്ണയിലായി തുടർന്നുള്ള താമസം. അങ്ങനെ ഒരു ദിവസം പടന്നക്കാട്ടെത്തി പാതയോരത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ച് താമസം തുടങ്ങി.
കഴിഞ്ഞ നാൽപതു വർഷമായി ഈ കുടിലിൽ താമസിക്കുന്നു. ഒരു ദിവസം വില്ലേജ് ഓഫീസർ അബ്ദുൾ സലാം പുറമ്പോക്കിലെ കുടിൽ നീക്കം ചെയ്യണമെന്ന് പറയാനാണ് ഇവർക്ക് മുന്നിലെത്തിയത്. എന്നാൽ ഇവരുടെ ദൈന്യത കണ്ട അബ്ദുൾ സലാം തഹസിൽദാർ മണിരാജിനെ കാര്യം ധരിപ്പിച്ചു. പിന്നീട് നടന്നത് ഇവരുടെ കരുണ നിറഞ്ഞ മനസിന്റെ പ്രവർത്തനങ്ങളാണ്. ഇവർ തന്നെ പട്ടയ ഭൂമികയുള്ള അപേക്ഷകൾ തയ്യാറാക്കി മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി നൽകി. ഇതിന്റെ പേരിൽ ഈ വയോധികർക്ക് ഓഫിസുകൾ കയറി ഇറങ്ങേണ്ടി വന്നില്ല .
ഇപ്പോൾ രാജനും മൈമുനയ്ക്കും സ്വന്തമായി ഒരു തുണ്ട് ഭൂമിയുണ്ട്. മടിക്കൈ വില്ലേജിലെ എരിക്കുളത്താണ് ഇവർക്ക് ഭൂമി അനുവദിക്കുന്നത്. ഇങ്ങനെയും ചില ഉദ്യോഗസ്ഥരുണ്ട് നമുക്കിടയിൽ എന്നോർക്കുന്നത് രാജന്റെയും മൈമുനയുടെയും വാക്കുകൾ കേൾക്കുമ്പോഴാണ്. കാരുണ്യം കൈവിടാത്ത മനസും, സാധാരണക്കാരന്റെ അവകാശങ്ങൾക്കായി ആത്മാർത്ഥ പരിശ്രമവും നടത്തിയ ഹൊസ്ദുർഗ് തഹസിൽദാർ എൻ മണിരാജ് കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർ. അബ്ദുൾ സലാം എ സി, മടിക്കൈ വില്ലേജ് ഓഫീസർ എസ് സോബ് രാജ് എന്നിവരാണ് ഈ പട്ടയമേളയിലെ താരങ്ങൾ.