ന്യൂയോർക്ക്: ഹാപ്പി ബർത്ത് ഡേ ടു യൂ...എന്ന വിഖ്യാത ഗാനത്തിന്റെ പകർപ്പകവാശത്തെ ചൊല്ലിയുള്ള തർക്കം കോടതിക്കു പുറത്തു വച്ച് ഒത്തുതീർപ്പാക്കി.  വാർണർ/ചാപ്പൽ എന്ന മ്യൂസിക് കമ്പനി തങ്ങൾക്കാണ് ഇതിന്റെ പകർപ്പവകാശമെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ റോയൽറ്റി കൂടാതെ ആർക്കുവേണമെങ്കിലും ഈ ഗാനത്തിലെ വരികൾ ഉപയോഗിക്കാമെന്ന് ഈ വർഷം ആദ്യം കോടതി വിധിച്ചിരുന്നു.

ഇതേ തുടർന്ന് ഒരു കൂട്ടം കലാകാരന്മാരും ചലച്ചിത്രകാരന്മാരും കമ്പനിക്കെതിരേ രംഗത്തെത്തിയതോടെയാണ് കോടതിക്കു പുറത്തു വച്ച് ഒത്തുതീർപ്പ് വേണ്ടിവന്നത്. പകർപ്പവകാശത്തിന്റെ പേരിൽ കമ്പനി വർഷങ്ങളായി തങ്ങളുടെ കൈയിൽ നിന്ന് പിരിച്ചെടുത്ത തുക തിരിച്ചു കിട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതേസമയം കോടതിക്കു പുറത്തു വച്ചു നടന്ന ഒത്തുതീർപ്പിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഓരോ തവണയും ഹാപ്പി ബർത്ത് ഡേ ഗാനം ഏതെങ്കിലും ചിത്രത്തിലോ, ടെലിവിഷൻ എപ്പിസോഡിലോ പരസ്യത്തിലോ മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചതിനെ തുടർന്ന് വാർണർ/ ചാപ്പെൽ കാമ്പനി ഇവരുടെ പക്കൽ നിന്ന് വർഷം രണ്ടു മില്യൺ ഡോളർ വാങ്ങിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഹാപ്പി ബർത്ത്‌ഡേ ഗാനത്തിന് കോപ്പി റൈറ്റ് അവകാശപ്പെടാൻ സാധിക്കില്ലെന്നും പ്രത്യേക മ്യൂസിക് അറേഞ്ച്‌മെന്റിനു മാത്രമാണ് 1988-ൽ കമ്പനിക്ക് പകർപ്പവകാശം ലഭിച്ചതെന്നും കോടതി വ്യക്തമാക്കി.

1893-ൽ കെന്റക്കിയിലുള്ള രണ്ടു സഹോദരിമാരാണ് ലോകമെമ്പാടും പ്രശസ്തിയാർജിച്ച ഹാപ്പി ബർത്ത് ഡേ ടൂ യൂ...എന്ന ജന്മദിനാശംസയുടെ ടൂൺ കമ്പോസ് ചെയ്തത്.