തിരുവനന്തപുരം: സമത്വസുന്ദരമായ സാമൂഹ്യ ജീവിതത്തിന്റെ നന്മ നിറഞ്ഞ ഓർമകളുമായി വീണ്ടും ഒരു തിരുവോണം കൂടി. എല്ലാ മലയാളികളുടെയും ജീവിതത്തിൽ പുതിയ വെളിച്ചവും പുതിയ മുന്നേറ്റങ്ങളും സമ്മാനിക്കുന്നുവെന്ന പ്രതീക്ഷയാണ് ഓരോ ഓണക്കാലവും സമ്മാനിക്കുന്നത്.

നന്മയുടെയും കൂട്ടായ്മയുടെയും പുതിയ ലോകങ്ങൾ സ്വന്തമാക്കാൻ ഓണസ്മൃതികളും ഓണാഘോഷങ്ങളും സഹായകമാകുമെന്ന പ്രതീക്ഷയാണ് ഏവർക്കുമുള്ളത്. മലയാളികളുടെ മനസ്സിൽ ഗൃഹാതുരമായ ഓർമ്മകളെ തൊട്ടുണർത്തി പൂവിളിയുമായാണ് ഓരോ ഓണക്കാലവും വന്നെത്തുന്നത്.

പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണം മലയാളനാട്ടിൽ മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കലാണ്. കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി കഴിഞ്ഞിരുന്ന കാലം. സൗഹാർദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം. മനുഷ്യത്വവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് പരസ്പരം സ്‌നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം.

ഐതിഹ്യത്തിലെ മാവേലി നാട് എന്നും മലയാളികളുടെ സുഖമുള്ള ഒരു പ്രതീക്ഷയാണ്. ഐശ്വര്യപൂർണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമാണ് ഇന്ന് ഓണസങ്കൽപ്പം. കാർഷിക കേരളത്തിന് പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകൾ നിറഞ്ഞതാണ്. ചോരനീരാക്കി പാടത്തും പറമ്പിലും കനകം വിളയിക്കുന്ന കർഷകർക്ക് വിളവെടുപ്പിന്റെ ധന്യമുഹൂർത്തം കൂടിയാണ് ഓണക്കാലം.

പോയകാലത്തിന്റെ മധുരസ്മരണകൾ അയവിറക്കി വീണ്ടും മലയാളി ഒരു തിരുവോണം ആഘോഷിക്കുകയാണ്. മറുനാടൻ മലയാളിയുടെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും നന്മയുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണം ഹൃദയപൂർവം ആശംസിക്കുന്നു.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ