ദുബായ്: മലയാളത്തിലെ സർപ്രൈസ് ഹിറ്റായി മാറിയ സൂപ്പർ ഹിറ്റ് ചിത്രം ഹാപ്പി വെഡ്ഡിങ് തമിഴിലേയ്ക്ക് റീമേക്കിനൊരുങ്ങുന്നു. മലയാളത്തിൽ ഒമർ ലുലു ഒരുക്കിയ ചിത്രം തമിഴിലും ഒമർ തന്നെയാണ് ഒരുക്കുന്നത്. തമിഴ് പതിപ്പിൽ നായകനായി എത്തുന്നുന്നത് ഉദയനിധി സ്റ്റാലിനാണ്. മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല.

സൂപ്പർതാര നിരയില്ലാതെ എത്തിയ ചിത്രത്തിന് പ്രേക്ഷകർ നൽകിയത് കിടിലൻ സ്വീകരണമായിരുന്നു. സിജു വിൽസൺ, ഷറഫുദ്ദിൻ, ദൃശ്യ രഘുനാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിങ്. ഒമറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നിട്ട് കൂടി വൻ പ്രദർശന വിജയം നേടിയ ചിത്രമായി ഹാപ്പി വെഡ്ഡിങ് മാറി.

സൈജു, ഷറഫുദീൻ , സൗബിൻ എന്നിവരായിരുന്നു മലയാളത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൈജു ചെയ്ത കഥാപാത്രാമാകും ഉദയനിധി അവതരിപ്പിക്കുക.

അഡാർ ലവിന്റെ ഷൂട്ടിംഗിൽനിന്ന് ഒരു ദിവസത്തെ ഇടവേള എടുത്ത് ഒമർ ലുലു ചെന്നൈയിൽ പോയിരുന്നു. ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്‌ച്ച നടത്താനാണ് പോയത്. ഈ കൂടിക്കാഴ്‌ച്ചയിലാണ് ഉദയനിധിയുമായുള്ള കരാർ ഉറപ്പിച്ചത്.