- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക പൈതൃകപട്ടികയിൽ സൂപ്പർ 40 ക്ലബിലേക്ക് ഇന്ത്യയും; ഇന്ത്യയുടെയ നേട്ടം ഹാരപ്പൻ നാഗരികതയിലെ ധോലാവിര യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയതോടെ; അഭിനന്ദനവുമായി യുനസ്കോ
ന്യൂഡൽഹി: ലോക പൈതൃകപട്ടികയിൽ സൂപ്പർ 40 ക്ലബിൽ അംഗമായി ഇന്ത്യയും.ഹാരപ്പൻ സംസ്കാരത്തിലെ അതിപുരാതന പട്ടണമായ ധോലാവിര യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടിയതോടെയാണ് ഈ നേട്ടം ഇന്ത്യയെത്തേടിയെത്തിയത്.ധോലാവിര പട്ടികയിൽ ഇടം നേടിയ വിവരവും അഭിനന്ദനവും യുനസ്കോ ട്വിറ്ററിൽ പങ്കുവെച്ചു.ബി.സി. മൂന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനുമിടയിൽ തെക്കൻ ഏഷ്യയിൽ നിലനിന്നിരുന്ന സവിശേഷവും പരിരക്ഷിക്കപ്പെട്ടതുമായ പുരാതനനഗരമാണ് ധോലാവിരയെന്ന് യുനെസ്കോ അഭിപ്രായപ്പെട്ടു.
1968-ലാണ് ധോലാവിര കണ്ടെത്തുന്നത്.ചെമ്പ്, കല്ല്, വിശേഷപ്പെട്ട കല്ലുകളുപയോഗിച്ചുള്ള ആഭരണങ്ങൾ, സ്വർണം, ആനക്കൊമ്പ് എന്നിവ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.ഇതിന് പുറമെ ജലവിതരണ സംവിധാനം, വിവിധ തലങ്ങളായുള്ള സുരക്ഷാ സംവിധാനം, കല്ലറകളുടെയുൾപ്പടെ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള കല്ലുകളുടെ വിശാലമായ ഉപയോഗം എന്നിവയിലെല്ലാം ഈ അതിപുരാതന നഗരം വ്യത്യസ്ത പുലർത്തുന്നു.
ചൈനയിലെ ഫുസോഹുവിൽ ചേർന്ന 44-ാമത് യുനെസ്കോ ലോക പൈതൃക സമിതിയുടെ യോഗത്തിൽ തെലങ്കാനയിൽനിന്നുള്ള കക്കാത്തിയ രുദ്രേശ്വര(രാമപ്പ) ക്ഷേത്രവും പട്ടികയിൽ ഇടം നേടി. ഇതോടെ രാജ്യത്തുനിന്ന് യുനെസ്കോ പൈതൃകപട്ടികയിൽ ഇടം നേടിയവയുടെ എണ്ണം 40 ആയി ഉയർന്നു.
'ഇന്ത്യയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽക്കൂടി. ഇതോടെ ലോക പൈതൃകപട്ടികയിൽ സൂപ്പർ 40 ക്ലബിലേക്ക് ഇന്ത്യയും എത്തിച്ചേർന്നിരിക്കുന്നു. 2014 ശേഷം രാജ്യത്തുനിന്നും 10 പൈതൃക സ്ഥാപനങ്ങൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്'-കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ