- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജി സാറിനെ കുടുക്കിയതാണ്; യഥാർത്ഥ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നു; നമ്പർ പ്രചരിപ്പിച്ചത് ഒരു സ്ത്രീയാണ്; പൊലീസ് കോൾ റെക്കോർഡുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ആരോപണം; ഫോൺ വിളിച്ച് ശല്യം ചെയ്തവരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്
കോട്ടയം: വീട്ടമ്മയെ ഫോൺചെയ്ത് ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്ത ഒരാൾ നിരപരാധി ആണെന്നും അയാളെ മനഃപൂർവം കുടുക്കാൻ ശ്രമം നടക്കുകയാണെന്നും കുറ്റപ്പെടുത്തി പരാതിക്കാരി രംഗത്ത്.
മുഖ്യപ്രതിയായ രതീഷ് ആനാരിക്കൊപ്പം ദലിത് ആദിവാസി സംഘടനാ നേതാവായ ഷാജി ആനാരിയേയും പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഷാജി ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹത്തെ മനഃപൂർവം കുടുക്കിയതാണെന്നുമാണ് പരാതിക്കാരിയായ ജെസി ദേവസ്യ പറയുന്നത്. താൻ പറയുന്നത് കേൾക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഷാജി ഈ കേസ് തെളിയിക്കാൻ എന്നോടൊപ്പം നിന്ന് സഹായിച്ച ആളാണ്. അദ്ദേഹം ചേരമർ സംഘത്തിന്റെ നേതാവാണെന്നും ജെസി പറഞ്ഞു. ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറിയാണ് ജെസി ദേവസ്യ.
''എന്നെ വിളിച്ച് ശല്യം ചെയ്ത രതീഷ് ആനാരിയാണ് ഷാജി സാറിനെ കുടുക്കിയത്. സ്റ്റേഷനിൽ ഒറ്റയ്ക്ക് പോകാൻ ഭയമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രതീഷ് ഷാജി സാറിനെ ഒപ്പം കൂട്ടിയത്. എന്നാൽ, ഇന്നലെ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ വച്ച് ഷാജി സാറിനെ അറസ്റ്റ് ചെയ്ത വിവരമാണ് അറിഞ്ഞത്. ഇന്നലെ ഉച്ചമുതൽ ഞാൻ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലായിരുന്നു. എന്റെ ഫോൺ പൊലീസ് പരിശോധിക്കാനായി വാങ്ങി. രാത്രി ഒൻപതു മണിയോടെയാണ് ഫോൺ തിരിച്ച് കിട്ടുന്നത്. ആ സമയത്ത് രതീഷ് ആനാരിയുടെ ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തതെല്ലാം പൊലീസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു.'' ജെസി പറയുന്നു.
''ഷാജി സാറിലേക്ക് കേസൊതുക്കണമെന്ന് നിർദ്ദേശം പൊലീസിനു ലഭിച്ചിട്ടുള്ളത് പോലെയാണ് എനിക്ക് മനസിലായത്. എന്നെ ഏറ്റവും ആദ്യം വിളിച്ച് ശല്യം ചെയ്യുന്നത് രതീഷ് ആനാരി എന്നയാളാണ്. ആനാരി എന്ന സ്ഥലപ്പേര് കേട്ടാണ് ഞാൻ ഷാജിസാറിനോട് ഇയാളെക്കുറിച്ച് അന്വേഷിക്കാൻ പറയുന്നത്. എന്റെ നമ്പർ എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോൾ കൂട്ടുകാർ മെസഞ്ചറിലൂടെ അയച്ചുതന്നു എന്നാണ് പറഞ്ഞത്. പിന്നീട് ചോദിച്ചപ്പോൾ പറഞ്ഞു ഷാജി സാറിന്റെ വണ്ടി കൊണ്ടുപോയപ്പോൾ ഡയറിയിൽ നിന്ന് നമ്പർ എടുത്തെന്ന്. എന്നാൽ പിന്നീട് പറഞ്ഞത് ഭാര്യയേയും കൊണ്ട് ചങ്ങനാശേരി ആശുപത്രിയിൽ പോയപ്പോൾ അവിടെ ശുചിമുറിയിൽ എഴുതിവച്ചിരിക്കുന്നത് കണ്ടുവെന്നും.
ഇങ്ങനെ പലതവണ അവൻ പലതും പറഞ്ഞു. എന്നോട് ഏറ്റവും മോശമായി സംസാരിച്ചത് അവനാണ്. പൊലീസ് അവനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നില്ല. ഇന്നലെ പൊലീസ് സ്റ്റേഷനിൽ വച്ച് വരെ എനിക്ക് കോളുകൾ വന്നു. ഗൾഫിൽ നിന്നാണ് ഇന്നലെ വിളി വന്നത്. പൊലീസും സ്പീക്കറിലിട്ട് കേട്ടു. രാത്രി വീണ്ടും കോൾ വരുന്നു. പരാതികൊടുത്ത് നടപടി ഉണ്ടായിട്ടും ഇതാണ് അവസ്ഥ. പത്തും നൂറും ആളുകൾ ദിവസവും വിളിച്ച് എന്റെ ശരീരത്തിന് വില പറയുകയാണ്.
എന്നെ വിളിക്കുന്നവരൊക്കെ പറയുന്നത് സുനിത ഓതറ എന്ന സ്ത്രീയുടെ പേരാണ്. അവരുടെ ഭർത്താവുമായി ഞാൻ കറങ്ങിനടക്കുകയാണെന്നും അവരാണ് നമ്പർ തന്നതെന്നും പറയുന്നു. പൊലീസിൽ അവർക്കെതിരെ പരാതികൊടുത്തിട്ട് യാതൊരു നടപടിയും ഇല്ല. അവർ ചോദ്യം ചെയ്യാൻ വരുന്നില്ലെന്നാണ് പറയുന്നത്. 46 വർഷമായി ഞാൻ തെങ്ങണയിൽ താമസിക്കുവാൻ തുടങ്ങിയിട്ട്. എന്റെ നാല് മക്കളോടൊപ്പം കഴിയുകയാണ്. എന്റെ പേരിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഞാൻ പരാതിയുമായി മുന്നോട്ട് പോകുമോ?
എല്ലാവരും ചോദിക്കുന്നു ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും നമ്പർ മാറ്റാത്തത് എന്താണെന്ന്? 14 വർഷമായി എന്റെ നമ്പർ ഇതാണ്. എന്റെ ബാങ്ക് അക്കൗണ്ടിലും ഗ്യാസിനും മക്കളുടെ പഠാനവശ്യത്തിനും എന്റെ ജോലിക്കാര്യത്തിനുമെല്ലാം ഈ നമ്പറാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് നമ്പർ മാറ്റിയാൽ എല്ലാംപോകും. ഭർത്താവുപേക്ഷിച്ച് പോയതിനാൽ മക്കളെ തനിച്ചാണ് വളർത്തുന്നത്. ഞാൻ ഒരമ്മയല്ലേ? പ്രായപൂർത്തിയായ മൂന്നു പെൺമക്കളും ഒരു മകനുമുണ്ടെനിക്ക്. എട്ടു മാസമായി ഞാൻ ഉറങ്ങിയിട്ട്. ഇടയ്ക്ക് നമ്പർ മാറ്റി നോക്കി. പക്ഷെ എന്റെ ജോലിയെ അത് ബാധിച്ചു. അതുകൊണ്ട് വീണ്ടും നമ്പർ ഉപയോഗിക്കുകയായിരുന്നു. ചേരമർ സംഘം മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ആയിരുന്നു. രണ്ടു ദിവസം മുൻപ് സ്ഥാനം രാജിവച്ചു.
എന്റെ നമ്പർ ശുചിമുറിയിൽ എഴുതിവച്ചിട്ടുണ്ടെന്നറിഞ്ഞ് ഞാൻ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്ക് കരഞ്ഞ്കൊണ്ട് ഓടിച്ചെന്നിട്ടുണ്ട്. അവർ എന്റെ പരാതി എഴുതി വാങ്ങിയതല്ലാതെ ഒരു നടപടിയും എടുത്തില്ല. സൈബർ സെല്ലിന് പരാതി നൽകി. അവരും ഒന്നും ചെയ്തില്ല. എന്റെ മാനത്തിന് എല്ലാവരും പരസ്യമായി വിലപറയുകയാണ്. ' ജെസി തന്റെ നിസഹായവസ്ഥ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ