ചെന്നൈ: തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അപ്രതീക്ഷിതമായി അവസാനിച്ചതിന് പിന്നിൽ അന്നത്തെ ബി സി സി ഐ ഉന്നതർ എന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. 31ാമത്തെ വയസിൽ തന്റെ പേരിൽ 400 അന്താരാഷ്ട്ര വിക്കറ്റുകളുണ്ടായിരുന്നെന്നും ചുരുങ്ങിയത് നാലോ അഞ്ചോ വർഷത്തെ ക്രിക്കറ്റ് ജീവിതം വീണ്ടും ബാക്കിയുണ്ടായിരുന്നെന്നും ഹർഭജൻ പറഞ്ഞു.

എന്നാൽ തന്നെ ടീമിൽ നിന്ന് പുറത്താക്കി മറ്റൊരു സ്പിന്നറിന് അവസരം നൽകാനായിരുന്നു ബി സി സി ഐ നേതൃത്വത്തിന് താത്പര്യമെന്നും ടീം ക്യാപ്ടനായിരുന്ന എം എസ് ധോണി അതിനെ എതിർത്തില്ലെന്നും ഹർഭജൻ ആരോപിച്ചു.

അന്ന് കളിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് 150 അന്താരാഷ്ട്ര വിക്കറ്റുകൾ എങ്കിലും തന്റെ പേരിൽ കൂട്ടിച്ചേർക്കാൻ സാധിക്കുമായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു.അതേസമയം തന്നെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് ധോണിയല്ലെന്നും ബി സി സി ഐയിലെ ഉന്നതരായിരുന്നുവെന്നും ആ തീരുമാനത്തെ എതിർക്കാൻ സാധിക്കുമായിരുന്നിട്ട് കൂടി മറുത്തൊരക്ഷരം പറയാതെ അധികാരികളുടെ പ്രിയങ്കരനാകാനായിരുന്നു ധോണിയുടെ ശ്രമമെന്നും ഹർഭജൻ ആരോപിച്ചു.

എം എസ് ധോണി നായകനായ ഇന്ത്യൻ ടീമിൽ നിന്ന് എങ്ങനെ പുറത്തായി എന്നതിൽ മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ് തുടർന്ന് കളിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യങ്ങൾ ഒരു പരിധി കഴിഞ്ഞപ്പോൾ അവസാനിപ്പിച്ചതായി ഇന്ത്യ ടിവിയോട് ഹർഭജൻ പറഞ്ഞു. വിരമിക്കലിന് ദിവസങ്ങൾ മാത്രം പിന്നാലെയാണ് ഭാജിയുടെ പ്രതികരണം.

ടീമിൽ ഉൾപ്പെടുത്താത്തത് എന്തെന്ന കാരണങ്ങൾ ആരായാൻ ശ്രമിച്ചിരുന്നു. എന്നാൽ ഉത്തരം ലഭിക്കാത്ത സാഹചര്യമുണ്ടായപ്പോൾ ചോദിക്കുന്നതിൽ യുക്തിയില്ല എന്ന് തിരിച്ചറിഞ്ഞു. ആരെങ്കിലും നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ചോദിച്ചുകൊണ്ടേയിരിക്കുന്നതിൽ അർഥമില്ല. അത് അവിടെ വിടുകയാണ് നല്ലത്. എന്റെ ഭാഗത്തുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കാകും. അല്ലാത്ത കാര്യങ്ങൾ ശ്രദ്ധിക്കില്ല. അതാണ് സംഭവിച്ചത്.

2010ലോ 2011ലോ ആണ്, ലോകകപ്പ് നേടിയ ശേഷം ആ ടീം ഒരിക്കലും ചേർന്ന് കളിച്ചിട്ടില്ല. ലോകകപ്പ് നേടിയ ഒരു ടീമിലെ താരങ്ങൾ പിന്നീട് ഒരുമിച്ച് കളിക്കാത്തത് അത്ഭുതമാണ്. എന്റെ 400-ാം ടെസ്റ്റ് വിക്കറ്റ് നേടുമ്പോൾ 30 വയസായിരുന്നു പ്രായം. അതിന് ശേഷമുള്ള എട്ടൊമ്പത് വർഷം കൊണ്ട് കുറഞ്ഞത് നൂറിലധികം വിക്കറ്റ് നേടാനാകും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതിന് ശേഷം കളിക്കാൻ അധികം അവസരങ്ങൾ ലഭിച്ചില്ല. ടെസ്റ്റിൽ 400ലേറെ വിക്കറ്റുള്ള ഒരു സ്പിന്നർ പിന്നീട് അപ്രത്യക്ഷനാകുന്നെങ്കിൽ അത് അത്ഭുതമാണ്, എന്താണ് സംഭവിച്ചത്? ഞാൻ ടീമിലുണ്ടാകുന്നതിൽ ആർക്കാണ് പ്രശ്നം?- ഹർഭജൻ ചോദിച്ചു.

ഇന്ത്യൻ ജേഴ്‌സിയിൽ വിരമിക്കുക എന്നത് ദീർഘകാലം ആ കുപ്പായത്തിൽ കളിച്ച ഏതൊരു താരത്തിന്റെയും ആഗ്രഹമാണെന്നും അത് സാധിക്കാത്തതിൽ അതിയായ വിഷമമുണ്ടെന്നും ഹർഭജൻ വ്യക്തമാക്കി.തന്നേക്കാൾ പ്രഗത്ഭരായ വി വി എസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ് എന്നീ താരങ്ങൾക്കും അവർ അർഹിച്ച വിടവാങ്ങൽ നൽകാൻ ബി സി സി ഐക്കോ ധോണിക്കോ താത്പര്യമുണ്ടായിരുന്നില്ലെന്ന് ഹർഭജൻ കൂട്ടിച്ചേർത്തു. ഭാവിയിൽ എന്നെങ്കിലും തന്റെ ജീവിതത്തെ കുറിച്ച് ഒരു സിനിമ പുറത്തുവരികയാണെങ്കിൽ അതിൽ വില്ലന്മാരെ തട്ടിനടക്കാൻ സാധിക്കില്ലെന്നും ഹർഭജൻ പറഞ്ഞു.

രണ്ടര പതിറ്റാണ്ടോളം നീണ്ട കരിയറിൽ 711 രാജ്യാന്തര വിക്കറ്റുകളുള്ള സ്പിന്നറാണ് ഹർഭജൻ സിങ്. 41കാരനായ ഹർഭജൻ സിങ് ടെസ്റ്റിൽ അനിൽ കുംബ്ലെക്കും കപിൽ ദേവിനും ആർ അശ്വിനും ശേഷം ഇന്ത്യയുടെ നാലാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ്. 1998ൽ പതിനേഴാം വയസിൽ ഇന്ത്യക്കായി അരങ്ങേറിയ താരം ടെസ്റ്റിൽ 103 മത്സരങ്ങളിൽ 417 വിക്കറ്റും 236 ഏകദിനത്തിൽ 269 വിക്കറ്റും 28 രാജ്യാന്തര ടി20യിൽ 25 വിക്കറ്റും നേടി. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ടീമിൽ അംഗമായി. ടെസ്റ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ബൗളറാണ്. എന്നാൽ 2011 ലോകകപ്പിന് ശേഷം ടീമിലെ സ്ഥാനം നഷ്ടമായി. 2016ലാണ് ഇന്ത്യൻ കുപ്പായത്തിൽ അവസാനം കളിച്ചത്. വിരമിക്കൽ മത്സരത്തിന് അവസരം നൽകാതെ വിടവാങ്ങേണ്ടി വന്ന 2011 ലെ ലോകകപ്പ് ടീം അംഗങ്ങളിൽ ഒരാളായി ഹർഭജനും മാറി.