ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന്റെയും ബോളിവുഡ് താരം ഗീത ബസ്രയുടെയും വിവാഹ വിരുന്നിന് എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള വി.വി.ഐ.പികൾ. ഒക്ടോബർ 29-ന് പരമ്പരാഗത രീതിയിൽ നടന്ന വിവാഹത്തിന് ശേഷം ന്യൂഡൽഹിയിലെ താജ് പാലസിൽ വിശിഷ്ടാതിഥികൾക്കായി ഇന്നലെ വിരുന്ന് സംഘടിപ്പിക്കുകയായിരുന്നു.

ലക്ഷങ്ങൾ മുടക്കി ഡിസൈൻ ചെയ്ത പ്രത്യേക വസ്ത്രങ്ങളണിഞ്ഞാണ് ഹർഭജനും ഗീതയും ചടങ്ങിനെത്തിയത്. 'ദ ട്രെയിൻ', 'സെക്കൻഡ്ഹാൻഡ് ഹസ്ബൻഡ്' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗീത, നീല നിറത്തിലുള്ള മിറർ വർക്ക് ചെയ്ത ലെഹംഗയാണ് അണിഞ്ഞിരുന്നത്. വെൽവറ്റ് ഷെർവാണി കുർത്തയിൽ ഹർഭജനും സിനിമാ താരത്തെ അനുസ്മരിപ്പിച്ചു.

വി.വി.ഐ.പികളുടെ നീണ്ട നിരയാണ് വിരുന്നിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ മോദിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും ചടങ്ങിനെത്തിയിരുന്നു. ക്രിക്കറ്റ് ലോകത്തുനിന്ന് അനിൽ കുംബ്ലെ, കപിൽ ദേവ്, വീരേന്ദർ സെവാഗ്, എം.എസ്.ധോനി എന്നിവരും ചടങ്ങിനെത്തിയിരുന്നു.ചേതൻ ചൗഹാൻ, മുനാഫ് പട്ടേൽ, രാജീവ് ശുക്ല, രവിശാസ്ത്രി, വരുൺ ആരോൺ, ചേതേശ്വർ പുജാര, മുരളി വിജയ് എന്നിവരും ചടങ്ങിന് പ്രൗഢി സമ്മാനിച്ചു.