ന്യൂഡൽഹി: പ്രശസ്ത ക്രിക്കറ്റ് താരം ഹർഭജൻ സിങ് രാഷ്ട്രീയത്തിൽ ചേരുമെന്നു റിപ്പോർട്ടുകൾ. അതേസമയം, ഈ വാർത്ത പുറത്തുവന്നതിനു പിന്നാലെ നിഷേധിച്ചു താരം ട്വീറ്റ് ചെയ്തു.

തന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകളെ തള്ളിക്കളയുകയായിരുന്നു ഹർഭജൻ. കോൺഗ്രസ് പാർട്ടിയിലോ മറ്റേതെങ്കിലും രാഷ്ട്രീയപാർട്ടിയോ ചേരാൻ തനിക്ക് പദ്ധതിയില്ലെന്ന് ഹർഭജൻ സിങ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഹർഭജൻ രാഷ്ട്രീയത്തിലേക്ക് വരുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ഹർഭജൻ തീരുമാനിച്ചെന്നും പാർട്ടി നേതാക്കളുമായി ഇക്കാര്യം സംസാരിച്ചു എന്നുമായിരുന്നു റിപ്പോർട്ട്. ഹർഭജൻ സിങ് ജലന്ധർ പ്രതിനിധീകരിച്ച് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വാർത്തയ്ക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസ് ചീഫ് അമരീന്ദർ സിങ് ഹർഭജനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇഷ്ടമുള്ള ആളുകൾ കൂടെ നിൽക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ ശക്തി വർധിപ്പിക്കുമെന്ന് അമരീന്ദർ സിങ് പറഞ്ഞിരുന്നു. എന്നാൽ ഇത്തരം വാർത്തകളെല്ലാം തെറ്റാണെന്നും രാഷ്ട്രീയത്തിലേക്ക് വരാൻ ഇപ്പോൾ ഉദ്ദേശ്യമില്ലെന്നും ഹർഭജൻ വ്യക്തമാക്കി.

കോൺഗ്രസ് ടിക്കറ്റിൽ പഞ്ചാബിലെ ജലന്ധറിൽ നിന്നും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇന്ത്യ ടുഡേ ചാനലാണു റിപ്പോർട്ട് ചെയ്തത്. ഇതിനിടെ മുൻ ക്രിക്കറ്ററും ആവാസ് ഇ പഞ്ചാബ് പാർട്ടി നേതാവുമായ നവജോത് സിങ് സിദ്ദു കോൺഗ്രസിനോടൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച സിദ്ദു കോൺഗ്രസ് പാർട്ടിയുടെ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുപ്പത് മിനിട്ടോളം നീണ്ടു നിന്ന ചർച്ചയിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പായിരുന്നു മുഖ്യവിഷയമെന്നാണു സൂചന. സിദ്ദുവിന്റെ ഭാര്യ നവജോത് കൗർ കഴിഞ്ഞ മാസം കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. ഇതിനു ശേഷം ആദ്യമായിട്ടാണ് ഭർത്താവ് സിദ്ദു, രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്.