- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തെറ്റ് എന്റെ ഭാഗത്താണ്; ഏതെങ്കിലും ഒരു തെറ്റ് തിരുത്തേണ്ടതുണ്ടെങ്കിൽ അത് ശ്രീശാന്തിനെതിരായ സംഭവമാണ്; അങ്ങിനെ സംഭവിക്കരുതായിരുന്നെന്ന് തോന്നാറുണ്ട്'; ശ്രീശാന്തിന്റെ മുഖത്തടിച്ചതിൽ ഖേദം പ്രഖടിപ്പിച്ച് ഹർഭജൻ സിങ്

മുംബൈ: പ്രഥമ ഐപിഎൽ സീസണിൽ മലയാളി പേസർ എസ്. ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവത്തിൽ വീണ്ടും ഖേദം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. പഞ്ചാബ് മുംബൈ ഇന്ത്യൻസ് മത്സരത്തിനുശേഷം കളിക്കാർ കൈകൊടുത്ത് പിരിയുന്നതിനിടെ ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു.
2008 സീസണിലെ ഐപിഎൽ മത്സരത്തിനു ശേഷം മൈതാനത്തു കരഞ്ഞുകൊണ്ടു നിൽക്കുന്ന ശ്രീശാന്തിന്റെ വിഡിയോ ദൃശ്യങ്ങൾ ടിവിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കിങ്‌സ് ഇലവൻ പഞ്ചാബിലെ സഹതാരങ്ങൾ ശ്രീശാന്തിനു ചുറ്റും നിന്ന് താരത്തെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസ് താരമായ ഹർഭജൻ 'തല്ലിയതിനെ' തുടർന്നാണു ശ്രീശാന്ത് കരഞ്ഞതെന്നു പിന്നീടു വെളിപ്പെട്ടിരുന്നു.
തന്റെ മുതിർന്ന സഹോദരൻ തല്ലിയതായി മാത്രമേ താൻ അതിനെ കാണുന്നുള്ളൂ എന്ന് ശ്രീശാന്ത് പറഞ്ഞെങ്കിലും കളിക്കളത്തിലെ മോശം പെരുമാറ്റത്തെ വെച്ചുപൊറുപ്പിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.
ഈ സംഭവത്തിന് പിന്നാലെ ഹർഭജനെ സീസണിലെ ബാക്കിയുള്ള എല്ലാ മത്സരത്തിൽ നിന്നും വിലക്കുകയും ബി.സി.സിഐ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഹർഭജനെ തുടർന്നുള്ള അഞ്ച് ഏകദിനത്തിൽ നിന്നും വിലക്കിയിരുന്നു.
'ഗുരുതര അച്ചടക്ക ലംഘനത്തിനു' സീസണിലെ പിന്നീടുള്ള മത്സരങ്ങളിൽനിന്നു ഹർഭജനെ വിലക്കിയിരുന്നെങ്കിലും, ഇരു താരങ്ങളും തമ്മിലുള്ള സമവാക്യങ്ങൾ മെച്ചപ്പെടുകയും പിന്നീട് 2011 ഏകദിന ലോകകപ്പിൽ ഇരുവരും ഇന്ത്യയ്ക്കായി ഒന്നിച്ചു കളിക്കുകയും ചെയ്തിരുന്നു.
അന്നത്തെ സംഭവത്തിൽ തനിക്ക് അതിയായ ഖേദമുണ്ടെന്നും താനാണ് തെറ്റുകാരൻ എന്നും ഹർഭജൻ പറയുന്നു. 'പിച്ച്- എഡ്ജ് ബാറ്റിൽ വിത്ത് വിക്രം സത്യ' എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ഭാജി അന്നത്തെ സംഭവത്തിൽ ഖേദപ്രകടനം നടത്തിയത്.
അന്നത്തെ സംഭവം തികച്ചും തെറ്റായിരുന്നെന്ന് ഹർഭജൻ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ട് കളിക്കാരും പിന്നീട് രാജ്യത്തിനായി ഒട്ടേറെ മത്സരങ്ങളിൽ കളിച്ചു. ഐപിഎല്ലിൽ വിവിധ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച ഹർഭജൻ ആകെ 163 കളികളിൽ നിന്നും 150 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഒത്തുകളി വിവാദത്തിൽ അകപ്പെട്ടതോടെ ശ്രീശാന്തിന്റെ കരിയറും അവസാനിച്ചു.
2008ലെ കയ്യാങ്കളി വിവാദത്തിൽ തനിക്കു തെറ്റുപറ്റിയെന്നും വിവാദം തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നും വെളിപ്പെടുത്തി ഹർഭജൻ രംഗത്തെത്തി. 'അന്നു സംഭവിച്ചതു തെറ്റായിപ്പോയി. എന്റെ ഭാഗത്തായിരുന്നു പിഴവ്. എന്റെ പിഴവുമൂലം സഹതാരത്തിന് അസ്വസ്ഥത നേരിട്ടു. എന്റെ ഒരു പിഴവു തിരുത്താൻ അവസരം ലഭിച്ചാൽ, മൈതാനത്തെ ശ്രീശാന്തിനെതിരായ എന്റെ പെരുമാറ്റം തിരുത്താൻ ശ്രമിച്ചേനെ. അതു സംഭവിക്കാൻ പാടില്ലാത്തതായിരുന്നു' ഹർഭജന്റെ വാക്കുകൾ.
സംഭവത്തിനു ശേഷം ഇരുവരും തമ്മിൽ ഭിന്നതയുണ്ടെന്ന തരത്തിലെ വാർത്തകൾ തള്ളി ശ്രീശാന്ത് തന്നെ മുൻപു രംഗത്തെത്തിയിരുന്നു. ഹർഭജൻ സിങ്ങിനൊപ്പം അത്താഴത്തിനുള്ള അവസരം സച്ചിൻ തെൻഡുൽക്കർ ഒരുക്കി നൽകിയെന്നും പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. സംഭവത്തിൽ ഹർഭജന് എതിരെ കൂടുതൽ നടപടികൾ കൈക്കൊള്ളരുതെന്നു ശ്രീശാന്ത് തന്നെ ബിസിസിഐയോട് അപേക്ഷിക്കുകയും ചെയ്തിരുന്നു.


