ന്യൂഡൽഹി: വീണ്ടുമൊരു ക്രിക്കറ്റ്-ബോളിവുഡ് പ്രണയം കൂടി പൂവണിയാൻ പോകുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങും ബോളിവുഡ് താരം ഗീതാ ബസ്രയും വിവാഹിതരാകുന്നു. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഒക്ടോബർ 29 ന് ജലന്ധറിലായിരിക്കും വിവാഹം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ ഹർഭജനെ ഉൾപ്പെടുത്തിയാൽ വിവാഹ തീയതിയിൽ മാറ്റം വരും. എന്നാൽ ശ്രീലങ്കൻ പര്യടനത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാൽ ഹർഭജനെ ടീമിൽ ഉൾപ്പെടുത്തില്ലെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് വിവാഹത്തീയതി നിശ്ചയിച്ചത്. മോഡലും നടിയുമായ ഗീതാ ബസ്രയുമായി ഹർഭജൻ വർഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും ബന്ധം തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാൽ, ഹർഭജനുമായി അടുത്തബന്ധം പുലർത്തുന്നവരും ബന്ധുക്കളും വിവാഹ വാർത്ത ശരിവച്ചിട്ടുണ്ട്.

ഗീതാ ബസ്രയുടെ അടുത്തിടെ ഇറങ്ങിയ ചിത്രമായ സെക്കന്റ് ഹാൻഡ് ഹസ്ബന്റിൽ ഹർഭജൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇതു തമാശയ്ക്ക് വേണ്ടി ആയിരുന്നുവെന്നും ഇതിൽ നിന്നും കൂടുതലൊന്നും വായിക്കേണ്ട എന്നും ഗീതാ ബസ്ര വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ശ്രീലങ്കയിൽ ഉള്ള ഹർഭജൻ മടങ്ങി എത്തിയാൽ വിവാഹ ഒരുക്കങ്ങൾ പൂർത്തിയാകുമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹർഭജൻ സിംഗാണ് ബോളിവുഡ് നടി ഗീതാ ബസ്രയെ താരം രഹസ്യ വിവാഹ നടത്തിയെന്ന് വാർത്തകൾ വളരെ നേരത്തെ പ്രചരിച്ചിരുന്നു. ഇരുവരൂം മാർച്ചിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നുമൊക്കെയാണ് വാർത്തകൾ. ഇരുവരും സംഗതി നിഷേധിക്കുകയും ചെയ്തു. ഹർഭജന്റെ കളികൾ നടക്കുമ്പോൾ മിക്കവാറും ഗീതയുടെ സാന്നിദ്ധ്യം കാണുന്നതായിരുന്നു കഥകൾക്ക് കാരണമായിരുന്നത്. 'ദി ട്രെയിൻ' എന്ന സിനിമ ഒഴിച്ചാൽ കാര്യമായി ബോളിവുഡിൽ മികവ് കാട്ടാൻ കഴിഞ്ഞിട്ടില്ലാത്ത ഗീതാ ബസ്ര പക്ഷേ ഹർഭജൻ ഗോസിപ്പിലൂടെയാണ് മാദ്ധ്യമശ്രദ്ധയിലേക്ക് പെട്ടെന്നുയർന്നത്.

അടുത്തിടെ പ്രീതി സിന്റയേയും ഇന്ത്യൻ ടീമിന്റെ പുറത്ത് നിൽക്കുന്ന യുവരാജ് സിംഗിനെയും ചേർത്ത് അനേകം വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിക്കുകയും ചെയ്തിരുന്നു.