ന്യൂഡൽഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി വിധി സ്വാധീനിക്കുന്നത് നിരവധി വിധത്തിലാണ്. ആധാർ ഉൾപ്പെടെ ഇരുപതിലധികം കേസുകളിലാണു കോടതിവിധി പ്രതികൂലമായതോടെ കേന്ദ്ര സർക്കാരിനു നിലപാട് തിരുത്തേണ്ടി വരിക. ബീഫ് നിരോധനം, സ്വവർഗ ലൈംഗികത, വാട്സാപ്പ്.. എന്നിങ്ങനെയുള്ള വിഷയങ്ങളിലും പൊതു ജനാഭിപ്രായം ഇനി സർക്കാരുകൾ അംഗീകരിക്കേണ്ടി വരും. ആധാറിലൂടെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തടസ്സമുണ്ടാകും. രാജ്യസുരക്ഷയുടെയും തീവ്രവാദ ഭീഷണിയുടെയും പേരിൽ ആധാർ ഉപയോഗിച്ചു വ്യക്തികളെ നിയന്ത്രിക്കാനുള്ള നീക്കവും നടക്കില്ല.

എന്നാൽ കോടതി വിധിയിൽ പല ന്യായങ്ങളും കേന്ദ്രസർക്കാർ കണ്ടെത്തുന്നുണ്ട്. സ്വകാര്യത മൗലികാവകാശമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. മൗലികാവകാശമാണെങ്കിലും സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സ്വകാര്യത മൗലികാവകാശമാണെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. സർക്കാരിന്റെ കാഴ്ചപ്പാടിൽ പ്രത്യേകിച്ചും ആധാറിന്റെ കാര്യത്തിൽ സ്വകാര്യത മൗലികാവകാശമാണെന്നാണ് വിലയിരുത്തൽ എന്നും പറയുന്നു. വിവരവിനിമയ വിസ്‌ഫോടനത്തിലൂടെയാണു നമ്മൾ കടന്നുപോകുന്നത്. നമ്മൾ നടന്നുപോകുന്നതു മുതൽ പണം കൊടുത്തു സാധനം വാങ്ങുന്നതു വരെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവരം സൃഷ്ടിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുകയാണ്. ഇത്തരം ഇടപെടലുകളെ എല്ലാം ഈ വിധി സ്വാധീനിക്കും.

സിസിടിവി ക്യാമറകളിലൂടെ നിരീക്ഷണവും ഇനി നടക്കുമോ എന്ന് സംശയമാണ്. ലൊക്കേഷൻ, ചിത്രം എന്നിവ അടയാളപ്പെടുത്തുന്നു. ലൈവായി മറ്റൊരിടത്തു ടെലികാസ്റ്റ് ചെയ്യുന്നു. ഇതിനെല്ലാം വ്യക്തികൾ കോടതിയെ സമീപിച്ചാൽ നിയന്ത്രണം വരും. ഏറ്റവും പ്രധാനമായി വിധി പ്രതിഫലിക്കുക ആധാറിൽ തന്നെയാകും. ക്ഷേമപദ്ധതികൾക്ക് (ഗ്യാസ് സബ്‌സിഡി, പെൻഷൻ പോലുള്ളവ) ആധാർ തുടർന്നു ഉപയോഗിക്കാൻ സാധിക്കും. എന്നാൽ പൗരന്മാരുടെ സ്വകാര്യതയിൽ കടന്നുകയറാനുള്ള ശ്രമം നടക്കില്ല. ആധുനിക കാലത്ത് ബയോമെട്രിക് ഡേറ്റയാണ് വ്യക്തികളുടെ സ്വകാര്യത. അതിനാൽ ഡിജിറ്റൽ രേഖകൾ ജീവൻ പോലെ സൂക്ഷിക്കാനും സ്വകാര്യമായി വയ്ക്കാനുമുള്ള അവകാശം പൗരനുണ്ട്.

പാനും ആധാറും ബന്ധിപ്പിക്കുന്നതു പോലെ, സകല ഇടപാടുകൾക്കും ആധാർ വേണമെന്ന് നിർബന്ധം പിടിക്കുക സാധ്യമല്ല. ആധാർ ഇല്ലെങ്കിലും സേവനങ്ങൾ പൗരനു നൽകേണ്ടി വരും. വാട്‌സാപ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തി കൈമാറുന്ന സ്വകാര്യ വിവരങ്ങൾ വാണിജ്യാവശ്യത്തിനു അവരറിയാതെ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ പ്രധാന ടെക് കമ്പനികളെല്ലാം വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ട്. രാജ്യസുരക്ഷ മുൻനിർത്തി സർക്കാർ ഏജൻസികളും വിവരശേഖരണം നടത്തുന്നുണ്ട്. ഗൂഗിൾ, ഫേസ്‌ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങി മുൻനിര കമ്പനികൾക്കും വിധി തിരിച്ചടിയാകും. അവർക്കെല്ലാം ഇന്ത്യയിൽ ഇനി പ്രത്യേക നയം കൊണ്ടു വരേണ്ടി വരും.

ജീവിക്കാനുള്ള അവകാശം പോലും അന്യമാകുന്ന വിഭാഗങ്ങളാണ് എൽജിബിടി (ലെസ്‌ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ) എന്നറിയപ്പെടുന്ന ലൈംഗിക ന്യൂനപക്ഷം. 1860ൽ നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കു തടസ്സം. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത കുറ്റകരമല്ല. സ്ത്രീയും പുരുഷനും അല്ലാത്തവർ തമ്മിലുള്ള രതി ഇന്ത്യയിൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സുപ്രീം കോടതി വിധിയിലൂടെ ഐപിസി 377 മറികടക്കാമെന്നാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ കരുതുന്നത്. തന്റെ ലൈംഗികത തിരഞ്ഞെടുക്കാൻ അതത് വ്യക്തികൾക്ക് അവകാശമുണ്ടാകും.

ബീഫ് നിരോധനം ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് വാദം. ഇഷ്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്രത്തിന്മേലുള്ള വെല്ലുവിളി. പല സംസ്ഥാനങ്ങളിലും മദ്യനിരോധനമുണ്ട്. മദ്യം കഴിക്കുന്നത് വ്യക്തിയുടെ ഇഷ്ടമായതിനാൽ സർക്കാരിന് അത് നിരോധിക്കാനാകില്ലെന്ന വാദവും സജീവമാണ്.