പത്താംക്ളാസ് കഴിഞ്ഞപ്പോൾ പലതരം ജോലികളിൽ ഏർപ്പെട്ടു. തിയറ്റർ ഓപ്പറേറ്റർ, കൽപ്പണി, പെയിന്റിങ്, ഓട്ടോ ഡ്രൈവർ... എന്നിങ്ങനെ പല വേഷങ്ങൾ... ഇതിനിടയിലാണ് പഠിക്കണമെന്ന മോഹം മനസ്സിലെത്തിയത്. അങ്ങനെ കോഴിക്കോട് പെരുമണ്ണയിലെ ടാഗോർ ട്യൂഷൻ സെന്ററിലെത്തി.

പഠിച്ച് മിടുക്കനായില്ലെങ്കിലും പാട്ടുകാരിയായ സന്ധ്യയുടെ മനസ്സ് ഹരീഷ് കീഴടക്കി. പത്ത് വർഷത്തെ പ്രണയം സഫലമായി. ഇതിനിടെ മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവൽ തലവര മാറ്റിയഴുതി. ഇന്ന് ഹരീഷ് കണാരനാണ് ഈ കോഴിക്കോട്ടുകാരൻ. മലയാള സിനിമയിലെ തിരക്കുള്ള താരം.

പത്താംക്ളാസ് കഴിഞ്ഞപ്പോൾ പലതരം ജോലികളിൽ ഏർപ്പെട്ടു. തിയറ്റർ ഓപ്പറേറ്റർ, കൽപ്പണി, പെയിന്റിങ്, ഓട്ടോ ഡ്രൈവർ...എന്നിങ്ങനെ പല വേഷങ്ങൾ ജീവിതത്തിൽ അണിഞ്ഞിട്ടുണ്ട്. അക്കാലത്ത് ഞങ്ങൾ മൂന്നുപേർ ചേർന്ന് 'കാലിക്കറ്റ് ഫ്രണ്ട്സ്' എന്ന പേരിൽ ഒരു മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. 600 രൂപ പ്രതിഫലം വാങ്ങിയൊക്കെ പരിപാടികൾ അവതരിപ്പിച്ചിരുന്നു. പെയിന്റിങ് ജോലിക്കുപോകുമ്പോൾ ആവശ്യത്തിന് ലീവെടുക്കാനും മറ്റും പറ്റും. ഞങ്ങളുടെ പരിപാടി കണ്ട് കോഴിക്കോട് 'സൂപ്പർ ജോക്സ്' എന്ന പ്രൊഫഷണൽ മിമിക്രി ട്രൂപ്പിലേക്ക് വിളിച്ചു. വർഷത്തിൽ 200 പരിപാടിവരെ നടത്തുമായിരുന്നു. അന്ന് ഞങ്ങൾ അവതരിപ്പിച്ച നുണമത്സരം എന്ന ഐറ്റം വൻ ഹിറ്റായിരുന്നു. പിന്നീട് ചാനൽ റിയാലിറ്റി ഷോയിൽ ആ പരിപാടിയിലെ കഥാപാത്രത്തെ വികസിപ്പിച്ചാണ് ജാലിയൻ കണാരൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ജാലിയൻ കണാരൻ എന്ന കഥാപാത്രമാണ് ഹരീഷ് പെരുമണ്ണയെ സിനിമയിലെത്തിച്ചത്.

13 വർഷമായി ചെമ്പൈ സംഗീതോത്സവത്തിൽ പാടുന്ന ഭാര്യ സന്ധ്യയും മകൻ ധ്യാൻഹരിയുമൊത്ത് ജീവിതം ആസ്വദിക്കുകയാണ് ഹരീഷ് കണാരൻ. പത്താം ക്ളാസുവരെമാത്രമേ സ്‌കൂളിൽ പഠിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സ്‌കൂളിൽ മിമിക്രി അവതരിപ്പിക്കുമായിരുന്നു. ദിലീപ്, നാദിർഷാ, ജയറാം തുടങ്ങിയവരുടെ ഓഡിയോ കാസറ്റ് കേട്ട് അതേപോലെ അനുകരിക്കുകയായിരുന്നു പതിവ്. ദേവരാജൻ എന്ന കൂട്ടുകാരനും ഞാനും ചേർന്നായിരുന്നു പരിപാടി അവതരിപ്പിച്ചത്. കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളിലാണ് പഠിച്ചത്. കുട്ടിക്കാലത്തേ സിനിമ കാണുക വലിയ ഹരമായിരുന്നു. ഒന്നാംക്ലാസിൽ പഠിക്കുന്ന കാലംമുതൽ എന്നെ അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു- ഹരീഷ് കണാരൻ വിശദീകരിക്കുന്നു.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്. പിന്നെ മാമന്റെ വീട്ടിൽ നിന്നാണ് പഠിച്ചത്. പത്താംക്ലാസ് വരെ പഠിച്ചു. സിനിമാ തിയേറ്ററിൽ പ്രൊജക്ട് ഓപ്പറേറ്ററാകാനും ഓഫ്സൈറ്റ് പ്രിന്റിങ് പ്രസിൽ ജോലി ചെയ്യാനും നടത്തിയ ശ്രമം വിജയിച്ചില്ല. അപ്പോഴാണ് പെയിന്റിഗും ഓട്ടോ ഓടിക്കലും തുടങ്ങിയത്. വി ഫോർ യു എന്ന ട്രൂപ്പിലൂടെയാണ് ഞാൻ മിമിക്രിയിൽ സജീവമായത്. ഈ എക്സ്പീരിയൻസാണ് മനോരമയുടെ പരിപാടിയിൽ തുണയായത്. സ്വാതന്ത്ര്യസമര സേനാനിയെന്നൊക്കെ വെറുതെ പറയുന്ന കണാരനെ ജനത്തിന് ഇഷ്ടമായി. ഇത് തന്റെ ജീവിതം മാറ്റി മറിച്ചെന്ന് സിനിമാ മംഗളത്തിനോട് ഹരീഷ് കണാരൻ പറഞ്ഞു.

സിനിമയിൽ പണവും പ്രതാപവും എത്തിയാലും ഞാൻ അഹങ്കാരത്തിന് അടിമപ്പെടില്ല. കാരണം ഞാൻ കടന്ന് വന്നത് പച്ചയായ വഴികളിലൂടെയാണ്. എന്റെ നാട്ടിൽ ഞാൻ എന്നും സാധാരണക്കാരിൽ ഒരാളാണ്. മാത്രമല്ല, എനിക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകുന്നത് എന്റെ ചങ്ങാതിമാരാണ്. അവരോടൊപ്പം ഞാൻ ഇപ്പോഴും സ്റ്റേജ് പ്രോഗ്രാമുകൾക്ക് പോകാറുണ്ടെന്നും ഹരീഷ് പറഞ്ഞു.