തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി. എന്നാൽ മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാൽ തന്റെ വാക്കുകൾ പിൻവലിക്കാം എന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകൾ:

ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്. ലാൽ സലാം.

ഭക്ഷണത്തിൽ മതം കലർത്തിയുള്ള സംഘപരിവാർ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് നവംബർ 24ന് ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 'ഫുഡ് സ്ട്രീറ്റ് ' സംഘടിപ്പിച്ചത്.